'തെരുവുനായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം'
കോഴിക്കോട്: തെരുവ് നായ്ക്കളെ കൊല്ലരുതെന്നും സമാധാനപരമായി നായകളും മനുഷ്യരും ഒരുമിച്ച് കഴിയണമെന്നുമുള്ള കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ പ്രസ്താവനയെ പരിഹസിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം.
നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് മേയര്‍ പറഞ്ഞതായി അറിഞ്ഞു. തെരുവു നായകളുമായി സഹകരിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ തനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുന്ന അവയോട് ദയവായി അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് ഫാത്തിമ കുറിപ്പില്‍ ആവസ്യപ്പെട്ടു.
കോഴിക്കോട് കോര്‍പറേഷനിലെ തന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം തെരുവുനായകള്‍ വിലസുന്ന സ്ഥലമാണ്. ഇവയുടെ സാന്നിധ്യം കാരണം വഴിനടക്കാന്‍ പറ്റാറില്ല. ടൂ വീലറിന് പിന്നാലെ ഓടി അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ടെന്നും ഫാത്തിമ പറയുന്നു. തങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും ചാടിക്കടിക്കാന്‍ വരരുതെന്ന് ഉപദേശിക്കണമെന്നും ഫാത്തിമ പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
നായ്ക്കളെ കൊന്നുകളയുകയല്ല പരിഹാരമെന്നും സൂറത്തില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ വന്‍തോതില്‍ കൊന്നൊടുക്കിയപ്പോഴാണെന്നും മേയര്‍ പറഞ്ഞിരുന്നു. ''അവരും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മള്‍ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂ. സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണം. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്‌നേഹിതരുമാണ് നായ്ക്കള്‍. ആ രീതിയില്‍ അവയെ കണ്ടു പരിപാലിക്കാന്‍ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമ്മള്‍ ശ്രമിക്കണം. അവയോടുള്ള അകാരണമായ ഭീതിയില്‍നിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ നമുക്ക് സാധിക്കണമെന്നാണ് ഈ അവസ്ഥയില്‍ എല്ലാവരോടും പറയാനുള്ളത് '' എന്നായിരുന്നു ബീന ഫിലിപ്പിന്റെ പ്രതികരണം.
ഫാത്തിമയുടെ കുറിപ്പിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്,
തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്.
അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ.
അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണം.
ഏറെ പ്രതീക്ഷകളോടെ
അഡ്വ. ഫാത്തിമ തഹിലിയ.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
