

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായി എന്‍ എം രാജു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കലില്‍ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും രാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ആന്റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചതായും രാജു വ്യക്തമാക്കി. തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്നും എന്‍ എം രാജു വ്യക്തമാക്കി. ആന്റോ ആന്റണി 2019 തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് പല തവണ വന്നിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി രണ്ടു കോടി രൂപ പലിശക്ക് നല്‍കി. രണ്ട് മാസത്തിനകം പണം നല്‍കുമെന്നാണ് പറഞ്ഞത്. വര്‍ഷം 7 കഴിഞ്ഞിട്ടും പണം നല്‍കിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നല്‍കിയത്. ഈടൊന്നും നല്‍കാതെയാണ് പണം നല്‍കിയത് എന്നും എന്‍ എം രാജു വ്യക്തമാക്കി.
പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ എം പിയുടെ വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു. ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ (കൊളാറ്ററല്‍) ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. അന്ന് തങ്ങള്‍ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
2018-19 കാലയളവില്‍ പണം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലായിരുന്നു. എന്നാല്‍, പിന്നീട് മുന്നണിയില്‍നിന്ന് പുറത്താക്കപ്പെട്ടതോടെ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.പണമിടപാടില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും എല്ലാ രേഖകളും കൃത്യമാണെന്നും എന്‍ എം രാജു പറഞ്ഞു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് എന്‍ എം രാജു. തന്ത്രി കണ്ഠര് രാജീവരര് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പില്‍ ഫിനാന്‍സില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates