

ന്യൂഡൽഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷൻകട ഉടമകൾക്ക് കമ്മിഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2020 ഏപ്രിലിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. 2020 ജൂലൈ 23ന് ഒരു കിറ്റിന് അഞ്ച് രൂപ നിരക്കിൽ കമ്മിഷനും നിശ്ചയിച്ചു.
എന്നാൽ രണ്ട് മാസം മാത്രമാണ് കമ്മിഷൻ റേഷൻകട ഉടമകൾക്ക് ലഭിച്ചത്. ബാക്കി 11 മാസത്തെ കമ്മിഷൻ സർക്കാർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഷൻകട ഉടമകൾ കോടതിയെ സമീപിച്ചത്. റേഷൻകട ഉടമകൾക്ക് കമ്മിഷൻ അർഹതപ്പെട്ടതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കമ്മിഷൻ നൽകാൻ സമയ പരിധിയും കോടതി നിശ്ചയിച്ചു.
സമയപരിധി നീട്ടിയിട്ടും കമ്മിഷൻ നൽകാതെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അധിക സമയം നൽകിയിട്ടും എന്തുകൊണ്ട് കമ്മിഷൻ നൽകിയില്ലെന്ന് സുപ്രീം കോടതി സർക്കാരിനോട് ചോദിച്ചു. കമ്മിഷൻ നൽകണമെങ്കിൽ 40 കോടിരൂപയുടെ അധികച്ചെലവ് വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കിറ്റ് നൽകിയതെന്നും മാനുഷികപരിഗണനയോടെ കണ്ട് അത് സൗജന്യമായി വിതരണം ചെയ്യണമെന്നുമാണ് സർക്കാർ വാദിച്ചത്.
കോവിഡ് കാലത്ത് പ്രത്യേക മുറിയെടുത്തും അധിക ജോലിക്കാരെ നിയമിച്ചും കിറ്റ് വിതരണം നടത്തിയ റേഷൻകട ഉടമകൾക്ക് നീതി ലഭിച്ചെന്ന് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ജോണി നെല്ലൂരും വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാലും പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates