

കോഴിക്കോട്: കോണ്‍ഗ്രസിലെ ഖദര്‍ ഡ്രസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. അതിനിടെ, വ്യവസായ വകുപ്പിന് കീഴിലുള്ള ഖാദിക്ക് പിന്തുണയും കോണ്‍ഗ്രസിനെ ട്രോളി മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു. ഖാദി പഴയ ഖാദിയല്ല, എല്ലാ കളറിലും വ്യത്യസ്ത ഡിസൈനുകളിലും നല്ല ഖാദിവസ്ത്രങ്ങള്‍ കേരളത്തില്‍ ലഭ്യമാണെന്നായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന രീതിയിലാണ് സമീപകാല ഖാദിയുടെ കുതിപ്പ്.
വസ്ത്രരംഗത്ത് വിത്യസതമാര്‍ന്ന ശ്രേണിയില്‍ ഫാഷന് അനുയോജ്യമായി ഇന്ന് ഖാദിയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്. ഇതോടെ ഖാദിയുടെ പ്രതിച്ഛായ മാറിയെന്ന് തന്നെ പറയാം. പരമ്പരാഗതമായു കനമേറിയ തുണിത്തരങ്ങള്‍ക്ക് പകരം ഭാരം കുറഞ്ഞവ വിപണിയിലിറക്കി. ഡിസൈന്‍ വസ്ത്രങ്ങളും ഇന്ന് ഖാദിയില്‍ ലഭ്യമാണ്
ഖാദിയെ രാഷ്ട്രീയ സ്വത്വത്തിന്റെ പ്രതീകത്തില്‍ നിന്നും തീര്‍ത്തും കാലത്തിനനുയോജ്യമായ രീതിയിലേക്ക് പുനഃസ്ഥാപിക്കാനായി എന്ന് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഖാദി പഴയതല്ല പുതിയതാണ് എന്നതാണ് കേരളത്തിലെ ഖാദി ബോര്‍ഡ് മുന്നോട്ടുവെക്കുന്ന സ്ലോഗണ്‍. കട്ടിതുണിയില്‍നിന്ന് നേരിയ തുണിയിലേക്ക് ഖാദി മാറി. നേരിയ വസ്ത്രങ്ങള്‍ മാത്രമല്ല ഡിസൈനര്‍ വസ്ത്രങ്ങളും ഉത്പാദിപ്പിച്ച് മുന്നോട്ട് പോകാന്‍ ഖാദി ശ്രമിക്കുകയാണ്. ഇന്ന് ഖാദി ഡിസൈന്‍ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് 'പൂക്കളം' കളക്ഷന്‍ പുറത്തിറക്കും. ഇതില്‍ ചൈനീസ് കോളറുകളുള്ള കുര്‍ത്തകളും സ്ത്രീകളുടെ ഷോര്‍ട്ട്, ലോങ് ബ്ലൗസുകളും ഉള്‍പ്പെടുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കളക്ഷന്‍സും തയ്യാറാക്കുന്നതായും അദ്ദേഹം പറഞ്ഞു
നിലവില്‍ കേരളത്തില്‍ ഖാദിക്ക് പത്തുഷോറൂമുകളാണ് ഉള്ളതെന്ന് ജയരാജന്‍ പറഞ്ഞു. ഖാദി കേരള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് നടത്താം. ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സിന് മുപ്പത് ശതമാനം വരെ കിഴിവും നല്‍കുന്നതായി ബോര്‍ഡ് സെക്രട്ടറി കെഎ രതീഷ് പറഞ്ഞു. നിലവില്‍, ബോര്‍ഡ് 232 സ്പിന്നിംഗ് സെന്ററുകളും 154 നെയ്ത്ത് യൂണിറ്റുകളുമാണ് ഉള്ളത്. ഖാദി ഉല്‍പ്പന്നങ്ങള്‍ ഇറ്റലി, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 60 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഈ വര്‍ഷം 100 കോടി രൂപ കടക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' രതീഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
