

ആലപ്പുഴ: പൊതു മരാമത്ത് വകുപ്പിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിസ്ഥാന മേഖലയിലെ വികസനങ്ങൾ കാണാതെ പോകരുതെന്നു അദ്ദേഹം തുറന്നടിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം.
കഴിഞ്ഞ ഗവൺമെന്റ് നൽകിയ വികസനങ്ങളുടെ ഒരു ചെറു സൂചന പോലും ഇപ്പോൾ വരുന്ന വാർത്തകളിൽ കാണുന്നില്ല. മാറി മാറി വരുന്ന ഓരോ ഗവൺമെന്റും ചെയ്ത കാര്യങ്ങൾ ഓർക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണ രൂപം
ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്.
അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.
2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്കരമായിരുന്നു. ആദ്യം കുഴികൾ നികത്തി ടൈലിട്ട് പാലങ്ങൾ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.
കഴിഞ്ഞ സർക്കാരിൽ ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു, എന്നാൽ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി. ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്.
ഈ രണ്ടു പാലങ്ങൾ അടക്കം 8 പാലങ്ങൾ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ഗവൺമെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്ത് പണം അനുവദിച്ചത്.
ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്റു ട്രോഫി, പള്ളാത്തുരുത്തി - കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാൽപ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയിൽ മൊത്തം 70ൽപ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്തത്.
ഇതുപോലെ കേരളത്തിൽ മൊത്തം 500 പാലങ്ങളാണ് നിർമ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകൾ ഓർക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകൾ പോലും കഴിഞ്ഞ ഗവൺമെൻറ് ആലപ്പുഴയിൽ കൊണ്ടുവന്നു.
ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്.
എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ ഗവൺമെൻറ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല.
ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവൺമെന്റും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates