

ന്യൂഡൽഹി: കേന്ദ്രമന്ത്രി ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത തന്നെ മന്ത്രിയാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണെന്ന് ജോർജ് കുര്യൻ. മന്ത്രിയാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചതായും ജോർജ് കുര്യൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാജ്യസഭ കാലാവധി പൂർത്തിയാതിനെത്തുടർന്ന് ഇന്നലെയാണ് ജോർജ് കുര്യൻ രാജിക്കത്ത് നൽകിയത്. രാഷ്ട്രപതി രാജി സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 65-കാരനായ ജോർജ്ജ് കുര്യൻ. കഴിഞ്ഞ ജൂൺ 21-നാണ് ജോർജ്ജ് കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി വെച്ചത്.
2024 ജൂണിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാജ്യസഭാ സീറ്റ് ഒഴിഞ്ഞത്. തുടർന്ന് 2024 ഓഗസ്റ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നും എതിരില്ലാതെയാണ് ജോർജ്ജ് കുര്യൻ രാജ്യസഭയിലെ അവശേഷിക്കുന്ന കാലാവധിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2024 ജൂൺ 9നാണ് ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്.
ജോർജ് കുര്യന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജൂൺ 21-ാം തീയതി എൻ്റെ രാജ്യസഭ കാലാവധി പൂർത്തിയായിരുന്നു. ബഹു. പ്രധാനമന്ത്രിയെ കാണാനുള്ള അവസരം ഇന്നലെ ( 22.06.2026) ആണ് കിട്ടിയത്. ഇന്നലെ തന്നെ രാജിക്കത്ത് നൽകി. കേന്ദ്രമന്ത്രി ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത എന്നെ മന്ത്രിയാക്കിയത് മോദിജി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണ്. അതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഇന്ന് (23.06.2026) ബഹു. രാഷ്ട്രപതി രാജി സ്വീകരിച്ചതായി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates