

കൊച്ചി : സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താന്‍ ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന് സിനിമാ താരവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ടി ജി രവി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം വന്നപ്പോള്‍ പോലും അങ്ങനെയൊന്ന് പരിഗണിച്ചിട്ടില്ല. രാഷ്ട്രീയത്തിനിണങ്ങിയ സ്വഭാവമല്ല തനിക്കുള്ളത്. ചെറുപ്പം മുതലേ താനൊരു ഇടതുപക്ഷ അനുഭാവിയാണെന്നും ടി ജി രവി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മൂര്‍ക്കാനിക്കര ഗ്രാമത്തിലാണ് താന്‍ ജനിച്ചത്. അച്ഛന്‍ അധ്യാപകനായിരുന്നു. മൂത്ത ജ്യേഷ്ഠന്‍ ഡോക്ടറാണ്. കമ്യൂണിസ്റ്റ് നേതാവും ഒല്ലൂര്‍ മുന്‍ എംഎല്‍എയുമായ എ എം പരമന്‍ തന്റെ ബന്ധുവാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വരുമ്പോള്‍ അദ്ദേഹം വീട്ടില്‍ വരുമായിരുന്നു. ചെറിയ കുട്ടിയായ തന്നെയും പ്രസംഗത്തിനു പോകുമ്പോള്‍ കൂടെ കൂട്ടുമായിരുന്നു. അത്തരം യോഗങ്ങളില്‍ പങ്കെടുത്തതോടെയാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ തന്നില്‍ വേറുറപ്പിച്ചതെന്നും ടിജി രവി പറഞ്ഞു.
എങ്ങനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി?
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ സാഹചര്യവും ടിജി രവി വിശദീകരിച്ചു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി വിളിച്ച് മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. വൈക്കം വിശ്വനെ കണ്ടപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആകാമോയെന്ന് ചോദിച്ചു. എന്തുകൊണ്ട് എന്നെ തെരഞ്ഞെടുത്തു? എന്ന് അത്ഭുതത്തോടെ ചോദിച്ചു.
ക്ഷേത്ര ഭണ്ഡാരത്തില്‍ കയ്യിടാത്ത ഒരാളെയാണ് സര്‍ക്കാരിന് വേണ്ടതെന്നായിരുന്നു വൈക്കം വിശ്വന്‍ മറുപടി നല്‍കിയത്. എന്റെ സത്യസന്ധതയെ അവര്‍ വിലമതിച്ചു എന്നതുകൊണ്ട്, ആ ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായി. ആ ജോലി ചെയ്തതില്‍ എനിക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ചോദിച്ചാല്‍, ഞാനത് വീണ്ടും ഏറ്റെടുക്കില്ല. ടി ജി രവി കൂട്ടിച്ചേര്‍ത്തു.
തെറ്റുകള്‍ ഏറെ സംഭവിക്കാന്‍ സാധ്യതകളുള്ള ഒരു പദവിയാണത്. അവിടെ ആളുകള്‍ ദൈവഹിതം എന്നവണ്ണം സംസാരിക്കുന്നു. ആരുടെയും ഭക്തിയെ താന്‍ ചോദ്യം ചെയ്യുകയല്ല. അത് ആത്മാര്‍ത്ഥമാണെങ്കില്‍, അത് അവരുടെ വിശ്വാസമാണ്, അതിനെ താന്‍ ബഹുമാനിക്കുന്നു. ഡോ. എസ്. രാധാകൃഷ്ണന്‍ പറയാറുള്ളതുപോലെ: 'വിശ്വസിക്കാനോ അവിശ്വസിക്കാനോ നിങ്ങള്‍ തീരുമാനിക്കുന്നുവെങ്കില്‍, അത് പൂര്‍ണ്ണമനസ്സോടെ ചെയ്യുക, കാരണം ആ രണ്ട് വഴികളും സത്യത്തിലേക്കാണ് നയിക്കുന്നത്.' ദേവസ്വം പ്രസിഡന്റായിരുന്ന കാലത്ത് ക്ഷേത്രങ്ങളില്‍ നിന്ന് നല്ല ഊര്‍ജ്ജം അനുഭവപ്പെട്ടിട്ടുണ്ട്. ടി ജി രവി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates