'ഗുരുപൂജ സംസ്‌കാരത്തിന്റെ ഭാഗം, സനാതന ധര്‍മവും പൂജയും പഠിക്കുന്നതില്‍ എന്താണ് തെറ്റ്'
തിരുവനന്തപുരം: ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിമര്‍ശിക്കുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
'സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അതു സംസ്‌കാരത്തിന്റെ ഭാഗമാണ്. കുട്ടികള്‍ സനാതന ധര്‍മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റ്. ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവുമാണ്.' ഗവര്‍ണര്‍ പറഞ്ഞു.
'സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്‌കാരമാണത്. നമ്മള്‍ നമ്മളുടെ സംസ്‌കാരത്തെ മറന്നാല്‍ നമ്മളുടെ ആത്മാവിനെ മറക്കും. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത്' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഓഫീസറുമായി ഇന്ന് സംസാരിച്ചു. അദ്ദേഹം പ്രണാമം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു പ്രണാമം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ സ്ഥാനത്തുനിന്ന് തെറിക്കും. അതുകൊണ്ട് ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇതാണ് പലരുടെയും സംസ്‌കാരം. രാജ്യത്തിന്റെ ശരിയായ സംസ്‌കാരം തിരിച്ചുകൊണ്ടുവരുന്നത് ബാലഗോകുലം പോലെയുള്ള സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗുരുപൂജ തെറ്റല്ലെന്ന വാദവുമായി ഗവര്‍ണര്‍ എത്തിയത്.
Guru Pooja Debate: Gurupooja is an integral part of the nation's culture and there is nothing wrong with children learning Sanatana Dharma and culture, says Kerala Governor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


