ആലപ്പുഴ: പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യപ്രതിയായ ഗ്രീഷ്മ ജയില്‍ മോചിതയായി. റിലീസിങ് ഓര്‍ഡറുമായി മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. ഇന്നലെയാണ് ഹൈക്കോടതി ഉപാധികളോടെ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 15നാണ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍നിന്ന് മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.
അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞു. ജയിലിന് പുറത്ത് വച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗ്രീഷ്മ.'എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ല'- തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗ്രീഷ്മയുടെ മറുപടി.
ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയില്‍ ഉള്ള കാര്യമല്ലേ എന്നും ഗ്രീഷ്മ പ്രതികരിച്ചു. കോടതിയിലുള്ള കാര്യങ്ങള്‍ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവു ചോദ്യം ചെയ്താണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രണയബന്ധത്തില്‍ നിന്നും ഒഴിവാകാന്‍ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും തെളിവു നശിപ്പിക്കാന്‍ പങ്കുചേര്‍ന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.
മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ, വശീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകൂടി ചേര്‍ത്തിട്ടുണ്ട്. ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത്, 85-ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്.
2022 ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. സാധാരണ മരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റസമ്മതം നടത്തി. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. കേസില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates