

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിന്റെ വലതു കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റി. കോൺക്രീറ്റ് മിക്സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് കൈ അബദ്ധത്തിൽ കുടുങ്ങിയത്. ഒരു ഒരു മണിക്കൂറിലേറെ പ്രാണവേദന അനുഭവിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ഒടുവിൽ കൈമുറിച്ചു മാറ്റുകയായിരുന്നു.
വിഴിഞ്ഞത്ത് നഗരസഭയുടെ നടപ്പാത കോൺക്രീറ്റ് ജോലിക്ക് എത്തിയ പൂവാർ തിരുപുറം കോളനിയിൽ മനു(31)വിനാണ് ദുരനുഭവം ഉണ്ടായത്.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് കോൺക്രീറ്റ് മിക്സിങ് യന്ത്രം ചാക്ക് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുമ്പോൾ യന്ത്രത്തിന്റെ കുടം പോലുള്ള കറങ്ങുന്ന ഭാഗത്തിന്റെ പുറമേയുള്ള പല്ലുകൾക്കിടയിലാണു യുവാവിന്റെ കൈ കുടുങ്ങിയത്. മെഷീൻ പ്രവർത്തിച്ചിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ഒപ്പമുള്ളവർ പറഞ്ഞു.
അപകടത്തെത്തുടർന്ന് വലതു കൈ പകുതിയിലേറെ ഉള്ളിലകപ്പെട്ട യുവാവിന് ഒരു മണിക്കൂറോളം അമിത വേദനയനുഭവിച്ചു നിൽക്കേണ്ടി വന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വിഴിഞ്ഞത്തു നിന്നു അഗ്നിരക്ഷാസേന എത്തിയെങ്കിലും യന്ത്രവും കൈയുമായി വേർപെടുത്താനുള്ള ശ്രമം വിജയിച്ചില്ല.
പിന്നീട് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നു ഡോ.എസ് ആമിനയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘമെത്തി. ഉള്ളിലകപ്പെട്ട കൈ ഭാഗം മുഴുവനായി പുറത്തേക്കെടുക്കാൻ കഴിയാത്തതു മനസ്സിലാക്കി മരവിപ്പിച്ച ശേഷം മുറിച്ചു നീക്കി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കൈപ്പത്തി ഭാഗം മുറിഞ്ഞു മാറിയ നിലയിലായിരുന്നു. രക്തം വൻ തോതിൽ വാർന്ന് അവശ നിലയിൽ നിന്ന യുവാവിനു വൈദ്യ സംഘം എത്തുന്നതു വരെ ഗ്ലൂക്കോസും വെള്ളവും നൽകി ആശ്വസിപ്പിച്ചു നിർത്തി.തുടർന്ന് യുവാവിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates