ദിനോസർ മുട്ട ഓംലെറ്റ് കിട്ടും! പാലക്കാട്ടെ 'ദിനോമുക്കിൽ' (വിഡിയോ)

1.18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
Heard about the dinosaur egg omelette in Palakkad’s ‘Dinomukku’?
വി‍ഡിയോ ദൃശ്യം
Updated on
2 min read

പാലക്കാട്: പച്ച വിരിച്ച നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു ​ഗ്രാമം. പാലക്കാട് എന്നു കേൾക്കുമ്പോൾ ഈയൊരു ചിത്രമായിരിക്കും മനസിൽ വരിക. ആ പച്ചപ്പു നിറഞ്ഞ പാലക്കാട്ടെ ഒരു ​ഗ്രാമത്തിൽ ദിനോസറുകളെ വളർത്തുന്ന നാട്ടുകാർ! അങ്ങനെയൊന്നു ഉണ്ടായാൽ എന്തു സംഭവിക്കും. പശുക്കളെ വളർത്തുന്നതു പോലെ ദിനോസറുകളെ വളർത്തുന്ന ​ഗ്രാമം. പാലക്കാട്ടെ ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തെക്കുറിച്ചുള്ള ഒന്നേകാൽ മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഏതാണ്ട് 1.18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ ഷോട്ടോടെയാണ് തുടങ്ങുന്നത്. ​ദിനോമുക്കിലെ പ്രധാന കൃഷിയാണ് ദിനോസറുകൾ. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികൾ ദിനോസറുകളാണെന്നു വിഡിയോയിൽ പറയുന്നു. ദിനോസറുകൾ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നും വിഡിയോയിൽ വ്യക്തമാക്കുന്നു.

ദിനോസറിനു തീറ്റ കൊടുക്കുന്ന സ്ത്രീ, തലയിൽ കൂറ്റൻ ദിനോസർ മുട്ടയുമായി പോകുന്ന ഒരാൾ, ദിനോസറിന്റെ ഇറച്ചിയും ഓംലെറ്റും വിൽക്കുന്ന കടകൾ എന്നിയവയൊക്കെ വിഡിയോയിലുണ്ട്. കുട്ടികൾക്കൊപ്പം ദിനോസർ ഫുട്ബോൾ കളിക്കുന്നതും ആളുകൾക്കൊപ്പം നടക്കുന്നതും കുട്ടികൾ ദിനോസറിനെ ചുംബിക്കുന്നതുമൊക്കെ വിഡിയോയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് കൈയടി നേടുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരംഭിച്ച അവരുടെ യാത്ര പിന്നീട് പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലേക്ക് വ്യാപിച്ചു. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് വൈറലായി മാറിയ ഈ വിഡിയോ. ദൂരദർശന്റെ ക്ലാസിക്ക് ഷോകളിൽ ഒന്നായ കൃഷി ദർശന്റെ മാതൃകയിലാണ് വിഡിയോ ചിത്രീകരിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

കൃഷി എന്നതിനപ്പുറം ദിനോസറുകളും മനുഷ്യരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണിത്. മനുഷ്യ- മൃ​ഗ സഹവാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ ഈ ദിനോമുക്ക്- വിഡിയോയിൽ പറയുന്നു.

വിഡിയോയിൽ മനോഹരൻ എന്നൊരു വ്യക്തി സംസാരിക്കുന്നുണ്ട്. ദിനോസർ കൃഷി എളുപ്പവും ലാഭകരവുമാണെന്ന തന്റെ അനുഭവമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വർഷം 300 ദിനോസർ മുട്ടകൾ വരെ ഉത്പാദിപ്പിക്കുന്നതായി മനോഹരൻ എന്ന സാങ്കൽപ്പിക കഥാപാത്രം പറയുന്നു. എഐ സൃഷ്ടിച്ച മാധവൻ എന്ന മറ്റൊരു കഥാപാത്രം വന്നു പറയുന്നത് രസകരമാണ്. ദിനോസറുകൾക്കു സ്ഥിരമായി പച്ചപ്പുലും വെള്ളവും കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രശ്നമാണ്. ഇടയ്ക്കിടെ അമറുന്നതും കേൾക്കാമെന്നാണ് ഈ കഥാപാത്രം പറയുന്നത്.

വിഡിയോ സൃഷ്ടിച്ച ദി സ്റ്റോറിടെല്ലേഴ്സ് യൂണിയൻ
വിഡിയോ സൃഷ്ടിച്ച ദി സ്റ്റോറിടെല്ലേഴ്സ് യൂണിയൻ

വൈറൽ വിഡിയോയെക്കുറിച്ച് ദി സ്റ്റോറിടെല്ലേഴ്സ് യൂണിയൻ പറയുന്നു-

ഞങ്ങൾ സുഹൃത്തുക്കളാണ്. കോളജ് കാലം മുതൽ സിനിമ സ്വപ്നം എല്ലാവർക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ വിഡിയോ നിർമാണത്തിലേക്ക് വന്നത്. ഞങ്ങളെല്ലാം തുടക്കത്തിൽ സ്വതന്ത്രരായി പ്രവർത്തിച്ചവരാണ്. പിന്നീടാണ് ഈ കൂട്ടായ്മയിലേക്ക് എത്തുന്നത്. ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ സഹ സ്ഥാപകരിൽ ഒരാളായ ഷൈൻ നൗഷാദ് പറയുന്നു.

എഐ ഉപയോ​ഗിച്ചു മുൻപരിചയമുണ്ട്. ഇതൊരു പരീക്ഷണമാണ്. ഞങ്ങളുടെ പോർട്ട്ഫോളിയോ നിർമാണത്തിന്റെ ഭാ​ഗമായി ആസൂത്രണം ചെയ്ത മോക്കുമെന്ററിയാണിത്. വിഡിയോയുടെ ശൈലിയാണ് വൈറലാകാൻ കാരണമായത്- അം​ഗങ്ങളിലൊരാളായ സിബി തോമസ് വ്യക്തമാക്കി.

ദിനോമുക്കിന്റെ ആശയം ആദ്യം നിർദ്ദേശിച്ചത് സഞ്ജയ് ആണ്. ഞങ്ങൾ കുറച്ചുനാളായി ജനറേറ്റീവ് എഐ പരീക്ഷിക്കുന്നുണ്ടായിരുന്നു. സഞ്ജയ് ഈ ആശയം മുന്നോട്ടുവച്ചപ്പോൾ ഞങ്ങൾ അത് ഏറ്റെടുത്തു. ടീം അം​ഗം തന്നെയായ സിദ്ധാർത്ഥ് ശോഭനാണ് തിരക്കഥ എഴുതിയത്- വൈറൽ വിഡിയോയുടെ സംവിധായകൻ ഗോകുൽ എസ് പിള്ള പറഞ്ഞു. ദിനോമുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നിന്നു വരെ നിലവിൽ ഓഫറുകൾ വരുന്നുണ്ടെന്നും ഗോകുൽ.

എഐ ഉപയോ​ഗിച്ചു മറ്റൊരു വിഡിയോ നിർമാണത്തിലുണ്ട്. സിനിമയിൽ എഐ എങ്ങനെ ഉപയോ​ഗിക്കാമെന്ന പരീക്ഷണങ്ങളും നടക്കുന്നു. പുതിയ ആശയങ്ങൾക്കായുള്ള തിരച്ചിലും ഇതിനൊപ്പം മുന്നോട്ടു പോകുന്നുവെന്ന് ഷൈൻ നൗഷാദ് കൂട്ടിച്ചേർത്തു. ബിപിൻ ടി എസ്, അനന്തു സുരേഷ് എന്നിവരാണ് ടീമിലെ മറ്റം​ഗങ്ങൾ‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com