

കൊച്ചി: ജില്ലയില്‍ ഇപ്പോള്‍ അന്തരീക്ഷ താപം സാധാരണയില്‍ കൂടുതലായി അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സൂര്യാഘാതം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സൂര്യതാപം
സൂര്യാഘാതത്തെക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്.
ചൂടുകുരു( ഹീറ്റ് റാഷ്)
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പ രഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയില്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കുവാന്‍ കുട ഉപയോഗിക്കുന്നത് ശീലമാക്കുക
പ്രതിരോധ മാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍ വെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
വെയിലത്തും തുറസ്സായ സ്ഥലങ്ങളിലും പണിയെടുക്കുന്നവര്‍ അപകട സാധ്യത കൂടിയ വിഭാഗത്തില്‍പെട്ടവര്‍ ആയതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
