

കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ 218 പേർ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ ഐജി, ഗതാഗത കമ്മിഷണർ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനിൽ ഹാജരായിരുന്നു. ഇവരിൽ നിന്നും കോടതി വിവരങ്ങൾ തേടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോൺ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates