തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്ത്?; മേൽശാന്തിമാരുടെ സഹായികളുടെ മുഴുവൻ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ മുഴുവൻ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി. സഹായികൾ എത്രപേർ, ആരെല്ലാം, വർഷങ്ങളായി തുടരുന്നവരുണ്ടോ, ഇവരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം, പൊലീസ് വെരിഫിക്കേഷൻ നടത്തുന്നുണ്ടോ, ഇവരുടെ ചെലവുകൾ തുടങ്ങിയ വിവരങ്ങളെല്ലാം സമർപ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മുഴുവൻ വിവരങ്ങളും ഈ മാസം 31 ന് സമർപ്പിക്കാനാണ് നിർദേശം. മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെക്കുറിച്ച് നിലവില്‍ ദേവസ്വം ബോര്‍ഡിന് വ്യക്തമായ ധാരണയില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘന്‍, ജസ്റ്റിസ് കെ വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശം.
മേൽശാന്തിമാർക്ക് 20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതത് വര്‍ഷങ്ങളിലെ മേല്‍ശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. മേല്‍ശാന്തിമാര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നത്. ഇവരുടെ സഹായികള്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നും വിശദീകരിച്ചു. സഹായിമാര്‍ക്ക് ബോര്‍ഡിനോട് ഉത്തരവാദിത്വമുണ്ടോ? അല്ലെങ്കില്‍ ബോര്‍ഡ് കുഴപ്പത്തിലാകില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.
Kerala Highcourt orders full details of those who assist Sabarimala and Malikappuram Melshanthis to be provided
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


