Sabarimala
Sabarimala file

'സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോ? ഗോള്‍ഡ് പ്ലേറ്റിങിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചതെന്തിന്?'

1999ല്‍ തന്നെ ഈ ദ്വാരപാലക ശില്‍പങ്ങളില്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകള്‍ പരിശോധിച്ച് കോടതി വ്യക്തമാക്കി. അന്നു സ്വര്‍ണം പൂശിയിരുന്ന ദ്വാരപാലക ശില്‍പങ്ങള്‍ ഏതു സാഹചര്യത്തിലാണ് ഗോള്‍ഡ്‌പ്ലേറ്റിങ് നടത്താനായി ചെന്നൈയിലേക്കു കൊണ്ടുപോയതെന്നതില്‍ അന്വേഷണം വേണം.
Published on

കൊച്ചി: ശബരിമല ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി. 1999ല്‍ തന്നെ ഈ ദ്വാരപാലക ശില്‍പങ്ങളില്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകള്‍ പരിശോധിച്ച് കോടതി വ്യക്തമാക്കി. അന്നു സ്വര്‍ണം പൂശിയിരുന്ന ദ്വാരപാലക ശില്‍പങ്ങള്‍ ഏതു സാഹചര്യത്തിലാണ് ഗോള്‍ഡ്‌പ്ലേറ്റിങ് നടത്താനായി ചെന്നൈയിലേക്കു കൊണ്ടുപോയതെന്നതില്‍ അന്വേഷണം വേണം. സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ സ്‌ട്രോങ് റൂമില്‍ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കാനും ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശിച്ചു.

Sabarimala
ബി അശോകിനെ വീണ്ടും കൃഷിവകുപ്പില്‍ നിന്നും മാറ്റി, ട്വിങ്കു ബിസ്വാളിന് പകരം ചുമതല

ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പുശിയതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഒട്ടേറെ സംശയങ്ങളാണ് കോടതി ഇന്ന് പ്രകടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരുവാഭരണ കമ്മീഷണറുടെ പക്കലുള്ള മുഴുവന്‍ രേഖകളും പിടിച്ചെടുത്ത് ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഈ രേഖകള്‍ പരിശോധിച്ചാണ് കോടതി ഇന്ന് സംശയം പ്രകടിപ്പിച്ചത്. 1999ല്‍ 'സ്വര്‍ണം പൂശിയ' ദ്വാരപാലക ശില്‍പങ്ങള്‍ ശ്രീകോവിലിന്റെ വശങ്ങളില്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതായി രേഖയുണ്ട്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഗോള്‍ഡ്‌പ്ലേറ്റിങ് നടത്തുന്നതിനായി ബംഗളൂരു സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭ്യര്‍ഥന പ്രകാരം 'ചെമ്പ് പ്ലേറ്റുകള്‍' അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നാണ് രേഖകളില്‍ കാണുന്നത്. ബന്ധപ്പെട്ട എല്ലാ അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. 12 കഷ്ണങ്ങളായി 25.400 കിലോഗ്രാമാണ് ഇതുള്ളത്. എന്നാല്‍ ഇതില്‍ 'ചെമ്പു പാളികള്‍' എന്നു മാത്രമാണ് രേഖയിലുള്ളതെന്നും സ്വര്‍ണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തത് തികച്ചും അസാധാരണവും വിശദമായ അന്വേഷണം ആവശ്യമുള്ളതുമാണെന്നും കോടതി വ്യക്തമാക്കി.

Sabarimala
Top News: വയനാട് പുനരധിവാസം: നിർമാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും; തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിൽ സഹായം ചെയ്തത് ആര്?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ദ്വാരപാലക ശില്‍പങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പീഠങ്ങളും സമാന വിധത്തില്‍ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചു. ഇത് 17.400 കിലോഗ്രാം വരും. ഇതും 1999ല്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശിയിരുന്നതു തന്നെയാണ്. സമാന വിധത്തില്‍ ലിന്റലും ആ വര്‍ഷം ഇതേ വ്യക്തിക്ക് തന്നെ കൈമാറി. സ്‌ട്രോങ് റൂമിലുള്ള സ്വര്‍ണം പൂശിയ ചെമ്പു പാളികള്‍ നല്‍കിയാല്‍ അവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ഇതുവഴി ചെലവു കുറയ്ക്കാന്‍ സാധിക്കുമെന്നും കഴിഞ്ഞ വര്‍ഷം ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ഇമെയില്‍ അയച്ചിരുന്നു. തുടര്‍ന്നാണ് സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ സ്‌ട്രോങ് റൂമില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

പരമ്പരാഗത രീതിയില്‍ പൂശാനായി എത്രത്തോളം സ്വര്‍ണം ഉപയോഗിച്ചിരുന്നു എന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. കാരണം, കേരളത്തിലെ മഴയും കാറ്റും തുടര്‍ച്ചയായ ആരാധനയും മറ്റും മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നു സംരക്ഷണം നല്‍കുന്ന വിധത്തിലാണ് പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശുക. എന്നാല്‍ ഗോള്‍ഡ്‌പ്ലേറ്റിങ് നടത്തിയിരിക്കുന്നത് വളരെ നേരിയ കനത്തിലുള്ള സ്വര്‍ണപ്പാളി ഉപയോഗിച്ചുള്ള 'നാനോ ടെക് ഗോള്‍ഡന്‍ ഡിപോസിഷന്‍' രീതിയാണ്. 1999ല്‍ തന്നെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് ഗോള്‍ഡ് പ്ലേറ്റിങ് നടത്താനായി അവ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചു എന്നതിലും അന്വേഷണം ആവശ്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 17ന് പരിഗണിക്കും.

Summary

High Court Raises Concerns Over Sabarimala Gold Plating: Sabarimala gold plating controversy is under investigation as the High Court expresses doubts. The court questions why already gold-plated Dwarapalaka idols were sent for further gold plating, demanding a thorough investigation into the matter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com