ആ‍ർ എസ് എസ് നേതാവ് ഒ രാജ​ഗോപാൽ 1980 ൽ കോൺ​ഗ്രസ് മുന്നണി സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചത് ഇങ്ങനെ

1980 ൽ പിന്നീട് ബി ജെ പി സംസ്ഥാന പ്രസിഡ​ന്റായ കെ ജി മാരാർ കോൺ​ഗ്രസ് മുന്നണി സ്ഥാനാ‍ർത്ഥിയായി പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ ( ഇന്നത്തെ കൂത്തുപറമ്പ് മണ്ഡലം) മത്സരിച്ചു കോൺ​ഗ്രസ് (യു) സ്ഥാനാർത്ഥിയായ ഇന്നത്തെ മന്ത്രി എ കെ ശശീന്ദ്രനോട് തോറ്റു
RSS, Congress, Jantha party
Nilambur by election : ഒ രാജഗോപാൽ, കെ കരുണാകരൻNew Indian Express
Updated on
4 min read

നിലമ്പൂ‍ർ ഉപതെര‍ഞ്ഞെടുപ്പ് (Nilambur by election)പശ്ചാത്തലത്തിൽ ഇരുമുന്നണികളുടെയും ആർ എസ് എസ് ബന്ധം വീണ്ടും ചർച്ചയാകുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടിയന്തരാവസ്ഥയ്ക്കെതിരായ സമര പശ്ചാത്തലവുമായി ബന്ധപ്പെട്ട് പറഞ്ഞതും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സി പി എം -ആർ എസ് എസ് ബന്ധം ആരോപിച്ചു രംഗത്തും വന്നതുമാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴി തുറന്നത്.

യഥാർത്ഥത്തിൽ ആ‍ർ എസ് എസ് ബന്ധത്തി​ന്റെ കഥയെന്താണ്. കേരളത്തിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആർ എസ് എസ് കടന്നുവരുന്നതിന് പിന്നിൽ അടിയന്തരാവസ്ഥയുടെ അടിച്ചമർത്തില​ന്റെ കഥയുണ്ട്. ​ഗാന്ധി വധത്തെ തുടർന്ന് സമൂഹത്തിൽ നിന്ന് അകന്നുപോയ ആ‍ർ എസ് എസ്സിന് കടന്നുവരാനുള്ള വഴിയൊരുങ്ങുന്നത് അടിയന്തരാവസ്ഥയോടുകൂടിയാണ്.

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ ജയപ്രകാശ് നാരായണൻ എന്ന ​ഗാന്ധിയൻ സോഷ്യിലിസ്റ്റ് നേതാവ്, മുസ്ലിം സംഘടനകളെയും ആർ എസ് എസ്സിനെയും സി പി എമ്മിനെയും ഉൾപ്പടെ എല്ലാവരെയും ഉൾപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങിയത്.

അടിയന്തരാവസ്ഥയുടെ നിഴലിൽ 1977 ൽ തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ജയപ്രകാശ് നാരായണൻ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, ഇന്ദിരാ​ഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ നിലപാടുള്ള ഏതാണ്ട് എല്ലാവരെയും ചേർത്താണ് മുന്നണി രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുകയും ജനതാപാർട്ടിയാകുകയും ചെയ്ത കാലത്ത് ജനസംഘക്കാരോട്, ജയപ്രകാശ് നാരായണൻ വ്യക്തമായി മുന്നോട്ട് വച്ച ഒരു ആവശ്യം ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ട് വരരുത് എന്നതായിരുന്നു. ജനസംഘം ആ നിലപാട് ഒഴിവാക്കിയാണ് ജനതാ പാ‍ർട്ടിയിലേക്ക് കടന്നുവന്നതെന്ന് അന്നത്തെ രാഷ്ട്രീയഗതിവിഗതികളെ കുറിച്ചും ജയപ്രകാശ് നാരായണനെ കുറിച്ചും എഴുതപ്പെട്ട പുസ്തകങ്ങളിൽ കാണാനാകും.

ജൂലൈ ക്രൈസിസും സി പി എമ്മും

എന്നാൽ, 1979 ആയപ്പോൾ ജനസംഘത്തിൽ പെട്ടവർ ജനതാപാ‍ർട്ടിയിൽ ഇരട്ട അം​ഗത്വം തുടർന്നു. ഇതോടെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായി. എബിവിപി പിരിച്ചുവിടണമെന്നും ആർ എസ് എസുമായുള്ള ബന്ധം ഉപേക്ഷിക്കണം എന്നും ചരൺസിങ്ങും രാജ് നാരായണനും ഉൾപ്പടെയുള്ളവ‍ർ ആവശ്യപ്പെട്ടു. ഇതോടെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടിയുടെ ഭരണം ആടിയുലഞ്ഞു. ഈ വിഷയത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് 1979ല ജൂലൈയിൽ ആയിരുന്നു. അന്ന് ഇതിനെ ജൂലൈ ക്രൈസിസ് എന്ന് വിളിച്ചു. ജനതാപാ‍ർട്ടിയിലെ ആ‍ർ എസ് എസ് വിരുദ്ധ വിഭാ​ഗം ജനതാപാ‍ർട്ടി (സെക്യുലർ ) എന്ന പേരിൽ സർക്കാരിൽ നിന്ന് പിൻവാങ്ങി. അന്ന് സി പി എം ആർ എസ് എസ് വിരുദ്ധവിഭാ​ഗമായ ചരൺസിങ്ങിനൊപ്പമായിരുന്നു. ഇന്ദിരാ​ഗാന്ധിയും സി പി ഐയും ഉൾപ്പെടയുള്ളവർ ചരൺസിങ്ങിനെ പിന്തുണച്ചു. പിന്നീട് ഇന്ദിരാ​ഗാന്ധി നയിക്കുന്ന കോൺ​ഗ്രസ് ചരൺസിങ്ങിനുള്ള പിന്തുണ പിൻവലിച്ചു. അതോടെ ആ മന്ത്രിസഭ വീണു.

ഇതേസമയം, സി പി എമ്മിനുള്ളിൽ വളരെ ശക്തമായ രണ്ട് ധാരകൾ ഈ വിഷയം ചർച്ച ചെയ്തു. ബി ടി രണദിവെ, ബസവ പുന്നയ്യ, ഇഎം എസ്, ഹർകിഷൻസിങ് സുർജിത് എന്നിവർ ആർ എസ് എസ് വിരുദ്ധ നിലപാട് സ്വീകരിക്കണമെന്നും ചരൺസിങ്ങിനൊപ്പം നിൽക്കണമെന്നും നിലപാട് എടുത്തപ്പോൾ, ജ്യോതിബസു, ജ്യോതി‍ർമയി ബസു എന്നിവർ ഇന്ദിരാ​ഗാന്ധി തിരിച്ചുവരുന്നത് ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന നിലപടാണ് സ്വീകരിച്ചത്. ആർ എസ് എസ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചരൺസിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന നിലപാടിനാണ് സി പി എമ്മില്‍ അം​ഗീകാരം ലഭിച്ചതും. അങ്ങനെയാണ് ചരൺസിങ് സർക്കാ‍ർ അധികാരത്തിലേക്കുള്ള ആദ്യവഴി തുറക്കുന്നത്. പിന്നീട് നടന്ന സി പി എം പാർട്ടി കോൺ​ഗ്രസിൽ ഈ വിഷയം ജൂലൈ ക്രൈസിസ് എന്ന പേരിൽ തന്നെ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോൺ​ഗ്രസും ആർ എസ് എസ് അനുകൂലികൾ ഉൾപ്പെട്ട ജനതാപാർട്ടിയും

തുടർന്ന് 1980 ൽ ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കെ കരുണാകരനും കോൺ​ഗ്രസും ( കോൺ​ഗ്രസ് ഇന്ദിര) ആർ എസ് എസ് ബന്ധമുള്ള ഇരട്ട അം​ഗത്വം അനുവദിക്കുന്ന ജനതാപാ‍ർട്ടിയുമായി തെരഞ്ഞെടുപ്പിൽ കൈകോർത്തു. അങ്ങനെയാണ് 1980 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒ. രാജ​ഗോപാൽ കാസ‍​ർ​കോട് ലോകസഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇതേ സമയം ആർ എസ് എസ്സിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട ജനതാപാർട്ടി (സെക്യുലർ) ഇടതുമുന്നണിയുടെ ഭാ​ഗമായും മത്സരിച്ചു. കാസർ​കോട് മണ്ഡലത്തിൽ നിന്ന് 1980 ൽ സി പി എമ്മിലെ എം രാമണ്ണ റൈ, 73,587 വോട്ടിന് വിജയിച്ചു. കോൺ​ഗ്രസ് പിന്തുണയോടെ മത്സരിച്ച രാജ​ഗോപാൽ രണ്ടാം സ്ഥാനത്തും എത്തി.

1980 ൽ പിന്നീട് ബി ജെ പി സംസ്ഥാന പ്രസിഡ​ന്റായ കെ ജി മാരാർ കോൺ​ഗ്രസ് മുന്നണി സ്ഥാനാ‍ർത്ഥിയായി പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ ( ഇന്നത്തെ കൂത്തുപറമ്പ് മണ്ഡലം) മത്സരിച്ചു കോൺ​ഗ്രസ് (യു) സ്ഥാനാർത്ഥിയായ ഇന്നത്തെ മന്ത്രി എ കെ ശശീന്ദ്രനോട് തോറ്റു. കെ ജി മാരാരും ഇരട്ട അംഗത്വവുമായി ( ആർ എസ് എസ് ബന്ധം നിലനിർത്തിക്കൊണ്ട് ജനതാപാർട്ടി അംഗമായിരിക്കുന്ന കാലം) ആണ് ജനതാപാർട്ടി സ്ഥാനാർത്ഥിയായി കോൺഗ്രസ് മുന്നണിക്കൊപ്പം മത്സരിച്ചത്.

ഇതിന് ശേഷം 1980 ഏപ്രിൽ മാസത്തോടെ ബി ജെ പി രൂപീകരിച്ചതോടെ ഒ രാജ​ഗോപാൽ ഉൾപ്പടെയുള്ളവർ അതിലേക്ക് ചേർന്നു. 1982 ൽ ജനതാപാ‍ർട്ടി പിളർന്നു. 1987 ൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായ അഡ്വ. കെ ചന്ദ്രശേഖരൻ, ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവർ കരുണാകന്‍റെ മുന്നണി സംവിധാനത്തിൽ നിന്നുംപുറത്തുവന്നു. ജനതാപാർട്ടിയിൽ തന്നെയുണ്ടായിരുന്ന എം എൽ എ മാരായ എം കമലം , പി സി തോമസ് പൈനമൂട്ടിൽ, പി ഭാസ്കരൻ തുടങ്ങിയ ജനതാപാർട്ടിയിലുണ്ടായിരുന്ന നേതാക്കൾ കരുണാകര​ന്റെ കൂടെ നിന്നു. അങ്ങനെയാണ് കരുണാകരൻ സർക്കാ‍ർ അവിശ്വാസത്തെ അതിജീവിച്ചത്.

ചുരുക്കി പറഞ്ഞാൽ, ജനസംഘം- ആർ എസ് എസ് ബന്ധത്തിന്റെ പേരിൽ ജനതാപാർട്ടിയിൽ പിളർപ്പുണ്ടായ ശേഷം അവർ രണ്ട് പാർട്ടികളായി. അതിൽ ആർ എസ് എസ് ബന്ധം തുടരുന്ന ജനതാ പാർട്ടിയുമായാണ് കെ കരുണാകരനും കോൺ​ഗ്രസും മുന്നണിയുണ്ടാക്കി മത്സരിച്ചത്. ആ ബന്ധം ഉണ്ടാകില്ലെന്ന് പറയുകയും എന്നാൽ അത് രഹസ്യമായി തുടരുകയും ചെയ്ത കാലത്താണ് ജയപ്രകാശ് നാരായണൻ മുൻകൈ എടുത്തുണ്ടാക്കിയ സഖ്യത്തിൽ സിപി എമ്മും ഉൾപ്പെട്ടിരുന്നത്.

ആ മത്സരം നടക്കുമ്പോൾ കോൺ​ഗ്രസ് പിളരുകയും കേരളത്തിൽ എ കെ ആ​ന്റണി ഉൾപ്പടെയുള്ളവർ ഇടതുമുന്നണിക്കൊപ്പം നിന്നാണ് മത്സരിച്ചത്. ഈ സമയത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺ​ഗ്രസ് ( യു ) എന്ന് അറിയപ്പെടുന്ന കേരളത്തിലെ ആ​ന്റണി കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി സി ഹരിദാസ് നിലമ്പൂരിൽ നിന്ന് ചർക്ക ചിഹ്നത്തിൽ ജയിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും, ആര്യാടൻ മുഹമ്മദിന് ഇടതുമുന്നണി മന്ത്രിസഭയുടെ ഭാ​ഗമാകാകാനായി അദ്ദേഹം രാജിവച്ചത്. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന റെക്കോ‍ഡ് അങ്ങനെ അദ്ദേഹത്തിനായി. ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ആര്യാടൻ മുഹമ്മദ് ഇവിടെ നിന്ന് ജയിച്ചു. നിലമ്പൂരിലെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പായിരുന്നു അത്.

ഇ എം എസ്സിനെതിരെ ജനസംഘത്തി​ന്റെയും കോൺഗ്രസി​ന്റെയും പൊതുസ്ഥാനാർത്ഥി

വിമോചന സമരത്തെ തുടർന്ന് ഐക്യ കേരളത്തിലെ ആദ്യമന്ത്രിസഭ കേന്ദ്ര സ‍ർക്കാ‍ർ പിരിച്ചു വിട്ടു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ

ജനസംഘം കേരളത്തിൽ നാല് മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ദീൻ ദയാൽ ഉപാധ്യായ കേരളത്തിലെത്തിയാണ് സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിച്ചത്. കോഴിക്കോട് രണ്ട്, ഗുരുവായൂർ, അണ്ടാക്കോട്, പട്ടാമ്പി. പട്ടാമ്പിയിൽ അന്ന് കമ്മ്യൂണിസ്റ്റ് പാ‍ർട്ടിയുടെ സ്ഥാനാ‍ർത്ഥി സ്ഥാനാർഥി ഇഎംഎസ് ആയിരുന്നു. എന്നൽ ഇഎംഎസിനെ പരാജയപ്പെടുത്താൻ പൊതു സ്ഥാനാർഥി വേണമെന്ന

കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ അഭ്യർഥന മാനിച്ച് ജനസംഘം തങ്ങൾ പട്ടാമ്പിയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായിരുന്ന മാധവ മേനോനെ പിൻവലിച്ചു. പൊതു സ്ഥാനാർത്ഥിയായി രാഘവൻ നായർ മത്സരിച്ചു. തെരഞ്ഞെടുപ്പിൽ വിജയം ഇഎംഎസ്സിനൊപ്പമായിരന്നു.

ആ‍ർ എസ് എസ്സും ബി ജെ പിയും കോൺ​ഗ്രസും 1991 ലെ തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പും കോ ലീ ബി സഖ്യവും

കോൺ​​ഗ്രസും ആർ എസ് എസ്സുമായി ബന്ധപ്പെട്ട ആദ്യ സഖ്യമായിരുന്നു 1980 ലേത്. പിന്നീട് പത്ത് വർഷം പിന്നിടുമ്പോൾ ഇത് കണ്ടത് തിരുവനന്തപുരം കോർപ്പറേഷനിലായിരുന്നു. സി പി എമ്മിലെ പടലപ്പിണക്കത്തെ തുടർന്ന് അത് മുതലെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ ബി ജെ പി, ആർ എസ് എസ് കോൺ​ഗ്രസ് , മുസ്ലിം ലീ​ഗ് സഖ്യം സി പി എമ്മിലെ സ്റ്റാൻലി സത്യനേശനെയും എം പി പത്മനാഭനയെും അടർത്തിയെടുത്ത് കോർപ്പറേഷൻ പിടിച്ചെടുത്തു. 1991 ലും 1992 ലുമായിരുന്നു ഈ സഖ്യം തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. അന്ന് മേയർ സ്ഥാനം ഒരു വ‍ർഷത്തേക്കായിരുന്നു. പിന്നീട് ഈ മോഡൽ സംസ്ഥാന തലത്തിൽ അരങ്ങേറിയതാണ് വടകര, ബേപ്പൂർ എന്നിവടങ്ങളിൽ പരസ്യമായി വന്ന കോ ലീ ബി സഖ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com