

തിരുവനന്തപുരം: പിണറായി വിജയനെതിരെ മൊഴി കൊടുക്കാത്തതിന്റെ പേരിലാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തതെന്ന് ബിനീഷ് കോടിയേരി. ഇഡിക്ക് വഴങ്ങാത്തതുകൊണ്ടാണ് വീട് റെയ്ഡ് ചെയ്തത്. അറസ്റ്റിലായി ജയിലിലായ പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും പതറിപ്പോയിട്ടുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
എന്താ എന്നെ പാര്‍ട്ടിയിലെ ആരും സംരക്ഷിക്കുകയോ, സഹായിക്കുകയോ ചെയ്യാത്തതെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ലെന്ന അമ്മയുടെ പ്രതികരണത്തിന്റെ പശ്ചാത്തലം പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എപ്പോഴും പാര്‍ട്ടി കുടുംബമാണെന്നും ബിനീഷ് കോടിയേരി മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഞങ്ങള്‍ക്ക് ഒരു വിഷമം ഉണ്ടെങ്കില്‍ അതു പറയേണ്ടത് പാര്‍ട്ടിയോടാണ്. ഞങ്ങള്‍ക്ക് തെറ്റു പറ്റിയാല്‍ അതു തിരുത്തേണ്ടത് പാര്‍ട്ടിയാണ്. അങ്ങനെയാണ് ഈ പാര്‍ട്ടി സംവിധാനം പോകുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ജയില്‍ വാസത്തില്‍ മാനസികമായി പ്രതിസന്ധി നേരിട്ടപ്പോള്‍ പുസ്തക വായനയിലേക്ക് തിരിയാനാണ് അച്ഛന്‍ ഉപദേശിച്ചത്.
പിണറായി വിജയനെ തടഞ്ഞുവെച്ച് ഇഡി വീട്ടില്‍ റെയ്ഡ് നടത്തുന്നു എന്നത്, പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും സംബന്ധിച്ച് വൈകാരികതയുള്ള ഒരു വിഷയമാണ്. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് വരുന്നത്. പൊലീസ് കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ അവിടെ ഒരു വിഷയവും ഉണ്ടാകില്ലായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിച്ചത് അതിവൈകാരികതയുടെ പുറത്താണെന്നും ബിനീഷ് പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഇഡിക്കെതിരായ പ്രതിഷേധം നടക്കുന്നതിനും ഒരാഴ്ചയ്ക്ക് മുമ്പു തന്നെ തന്നെ പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചു വന്നിരുന്നു. ജയില്‍മോചിതനായശേഷം അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ട്. അതനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് അംഗത്വം നല്‍കിയതെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates