'നിങ്ങളുടെ ആളുകൾ മുമ്പും ഭീഷണി ഉയർത്തിയിട്ടുണ്ട്; അന്നെല്ലാം ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്; അത് ഓർക്കുന്നത് നല്ലത്'

'നിങ്ങളുടെ ആളുകൾ മുമ്പും ഭീഷണി ഉയർത്തിയിട്ടുണ്ട്; അന്നെല്ലാം ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്; അത് ഓർക്കുന്നത് നല്ലത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന് ശക്തമായ ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നായിരുന്നു എഎൻ രാധാകൃഷ്ണൻ പറഞ്ഞത്. ബിജെപി കോർ കമ്മിറ്റി അംഗങ്ങൾ നടത്തിയ സത്യഗ്രഹ സമരത്തിൽ സംസാരിക്കവേയായിരുന്നു രാധാകൃഷ്ണന്റെ വിവാദ പരാമർശം.

ബിജെപി നേതാവിന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. നിങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല, കുട്ടികളെ ജയിലിൽ പോയി കാണേണ്ടിവരും എന്നു പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ? തെറ്റായ രീതിയിൽ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎൻ രാധാകൃഷ്ണന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 

ക്രമത്തിൽ നടക്കുന്ന അന്വേഷണം ഗവൺമെന്റ് ഇടപെട്ട് അവസാനിപ്പിച്ചോണം അല്ലെങ്കിൽ വരുന്നത് ഇതാണ് എന്നാണ് അവർ പറയുന്നത്. ഇതാണ് ഭീഷണി. മക്കളെ ജയിലിൽ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നൽകുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്. 

ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതിൽ ഏതെങ്കിലും തരത്തിൽ അമിത താത്പര്യത്തോടെയോ തെറ്റായോ ഗവൺമെന്റ് ഇടപെട്ടു എന്ന് ആരോപണം ഉയർന്നിട്ടില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയർന്നിട്ടില്ല. കേസ് അന്വേഷിക്കുകയാണെങ്കിൽ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ കുടുക്കും എന്നത് മറ്റൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. 

രാധാകൃഷ്ണന്റെ ആളുകൾ ഇങ്ങനെയുള്ള പല ഭീഷണികളും വളരെക്കാലം മുന്നേ തനിക്ക് നേരേ ഉയർത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ജയിലിൽ കിടക്കലല്ല, അതിനപ്പുറവുമുള്ളത്. അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്. അതിലൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോർക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികൾ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാകരുതെന്നും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തിൽ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന കരുതുകയാണെങ്കിൽ അതൊന്നും നടപ്പാകില്ല എന്ന് നമ്മുടെ നാട് തെളിയിച്ചില്ലേ ? എന്തെല്ലാമായിരുന്നു മോഹങ്ങൾ ഉണ്ടായിരുന്നത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com