

തിരുവനന്തപുരം: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊണ്ട്, മാപ്പെഴുതി നല്‍കി തിരിച്ചു വരണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. മാപ്പെഴുതി നല്‍കിയാല്‍ അവരെ തിരിച്ചെടുക്കണമെന്നും, അവര്‍ക്ക് പരീക്ഷ എഴുതാനാവശ്യമായ സൗകര്യം ഒരുക്കി കൊടുക്കണം എന്നുമാണ് സര്‍വകലാശാലയും സിന്‍ഡിക്കേറ്റും നമ്മളുമൊക്കെ ആഗ്രഹിക്കുന്നത്. അതിനുള്ള അവസരം ഇനിയും ഉണ്ടെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.
സര്‍വകലാശാലയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ. മാപ്പെഴുതി നല്‍കിയാല്‍ പ്രത്യേക അനുമതി ലഭ്യമാക്കേണ്ടി വരും. വിദ്യാര്‍ത്ഥികളുടെ ഭാവി നശിക്കരുതെന്ന ആഗ്രഹമുണ്ട്. വിദ്യാര്‍ത്ഥികള്‍ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നാല്‍, അവരുടെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ സൗകര്യം ഉണ്ടാകണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ആരും എതിരല്ല. സമരങ്ങള്‍ക്കും ഞങ്ങളാരും എതിരല്ല. എന്നാല്‍ അതെല്ലാം സമാധാനപരമായിരിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമാകുന്ന തരത്തില്‍ അക്രമ സ്വഭാവത്തിലേക്ക് ഒരു സമരത്തെ കൊണ്ടുപോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. താനും മാത്യു കുഴല്‍നാടനുമൊക്കെ ജെഎന്‍യുവില്‍ പഠിച്ചവരാണ്. അവിടെ ഇടതുപക്ഷത്തിന്റെ കോട്ടയാണ്. അവിടെ തങ്ങളും സമരം ചെയ്തിട്ടുണ്ട്. ആ സമരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ജനാധിപത്യബോധത്തോടെയാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം നടത്തിയിട്ടുള്ളത്.
കാലടി സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം തനിക്കുണ്ട്. ഒരു ക്യാംപസിന്റെ സുഗമമായ നടത്തിപ്പിന് ഒരു കാരണവശാലും ഉള്‍ക്കൊള്ളാനാകാത്ത പലതും അവിടെ നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പലതും പുറത്തേക്ക് വരും. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനു പിന്നാലെ കാലടി സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു. ആ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗം നടക്കവെ, യോഗത്തിലേക്ക് ഇരച്ചുകയറി വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പൂട്ടിയിട്ട് അക്രമം അഴിച്ചു വിട്ടവരാണ് ഇവരെന്നും മന്ത്രി റോജി എം ജോണ്‍ കുറ്റപ്പെടുത്തി.
അങ്ങനെയാണോ സമരം നടത്തേണ്ടതെന്ന് മന്ത്രി ചോദിച്ചു. ആ ക്യാംപസില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പുതിയ സിന്‍ഡിക്കേറ്റ് ഭരണസമിതിക്ക് അതു പഠിക്കാനുള്ള സമയം കൊടുക്കേണ്ട?. കേരളത്തിലെ എല്ലാ ക്യാംപസുകളിലും എല്ലാം ഭദ്രമാണ്, വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട് എന്ന അവകാശവാദമൊന്നും ആര്‍ക്കുമില്ല. എല്ലാ ക്യാംപസുകളിലും പരിമിതികളും പോരായ്മകളുമുണ്ട്. അതൊക്കെ ഒന്നൊന്നായി പരിഹരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അക്രമത്തിലൂടെ, ഭീഷണിയിലൂടെ, അരാജകത്വത്തിലൂടെ ക്യാംപസ് രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോയെന്നും മന്ത്രി റോജി എം ജോണ്‍ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates