

കൊച്ചി: പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നിയമവിരുദ്ധമായി സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേതക താത്പര്യങ്ങളില്ല. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പാതയോരങ്ങളിലെ കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പരാമര്‍ശം.
സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടപ്പാതകളിലുള്‍പ്പടെ കൊടി തേരണങ്ങള്‍ കെട്ടിയതിനെതിരെ സമ്മേളനത്തിന് തൊട്ടുമുന്‍പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കൊച്ചി കോര്‍പ്പറേഷനോട് വിശദീകരണവും തേടിയിരുന്നു. സിപിഎം സമ്മേളനത്തിന്റെ സമാപനദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് നടത്തിയ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി ഇടംപിടിച്ചിരുന്നു.
ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പത്തരത്തെ എങ്ങനെ നേരിട്ടുവെന്നത് ചരിത്രം നോക്കിയാല്‍ മനസിലാകുമെന്നും ചുവപ്പ് കാണുമ്പോള്‍ കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ലെന്നും കോടതി പരാമര്‍ശങ്ങളെ സൂചിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ആരാണ് കൊടി കെട്ടയിതെന്ന് കോടതിക്ക് വിഷയമല്ല. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കുക എന്നുള്ളതാണ് മുഖ്യമായിട്ടുള്ളത്. കോര്‍പ്പറേഷന്‍ അനുമതിക്ക് വിരുദ്ധമായാണ് നടപ്പാതകളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചതെന്ന് കോടതി പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് നേരെ കോര്‍പ്പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണെന്നും നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അത് തുറന്നുപറയണമെന്നും കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്ന് കോടതിയില്‍ നല്‍കിയില്ല. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates