

കൊച്ചി: റോബോട്ടിക് സര്‍ജറിയുടെ ഏറ്റവും നൂതന സാങ്കേതിക സംവിധാനങ്ങള്‍ അവതരിപ്പിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രി സംഘടിപ്പിച്ച ഫോര്‍ട്ട് 2026 അന്താരാഷ്ട്ര ഓര്‍ത്തോപീഡിക് കോണ്‍ഫറന്‍സ്. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കോണ്‍ഫറന്‍സിന്റെ ഭാഗമായി ശാസ്ത്രീയ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, പഠനങ്ങളുടെ വിശകലനം, സംവാദങ്ങള്‍, പ്രൊഫഷണല്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു.
ജോയിന്റ് ആര്‍ത്രോപ്ലാസ്റ്റിയിലും ഓര്‍ത്തോപീഡിക് ചികിത്സാരംഗത്തുമുള്ള അത്യാധുനിക റോബോട്ടിക് മുന്നേറ്റങ്ങളെക്കുറിച്ചും റോബോട്ടിക്‌സ് സാങ്കേതിക വിദ്യയുടെ ഭാവിയിലെ ആവശ്യകതയെക്കുറിച്ചുമുള്ള വലിയ ചര്‍ച്ചകള്‍ക്ക് കോണ്‍ഫറന്‍സ് വേദിയായി.
വി.പി.എസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്ത കോണ്‍ഫറന്‍സില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. സാങ്കേതികവിദ്യയെ അതിന്റെ പേരില്‍ മാത്രം ആഘോഷിക്കുന്നതിനല്ല, ആഴത്തിലുള്ള വിശകലനത്തിനും ശാസ്ത്രീയ തെളിവുകള്‍ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് എസ് കെ അബ്ദുള്ള പറഞ്ഞു.
ആരോഗ്യരംഗത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ഫോര്‍ട്ട് 2026 ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജേക്കബ് പറഞ്ഞു. റോബോട്ടിക് സാങ്കേതികവിദ്യയിലെ നൂതന രീതികളെക്കുറിച്ചുള്ള തന്റെ അറിവ് സഹ ശസ്ത്രക്രിയ വിദഗ്ധരുമായി പങ്കുവെക്കാനാകുന്നത് അഭിമാനകരമാണ്. ഇതിലൂടെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഫലം കൂടുതല്‍ മികച്ചതാകുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയ വിദഗ്ധരുടെ കഴിവിനെ റോബോട്ടിക്‌സ് കൂടുതല്‍ മികവുറ്റതാക്കുന്നു എന്ന് ഗ്രൂപ്പ് സിഇഒ അഭിഷേക് പൊഡുരി പറഞ്ഞു. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ വൈദഗ്ധ്യത്തിന് ഒരിക്കലും പകരമാകില്ല. അതേസമയം റോബോട്ടിക് സഹായത്തോടെയുള്ള കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ സഹായിക്കുന്നു. അതിലൂടെ രോഗികളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകും. ആരോഗ്യരംഗത്ത് മികവിന് ഒരിക്കലും ഒരു പരിധിയുണ്ടാകരുത്. ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ സ്വീകരിക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോബോട്ടിക് ശസ്ത്രക്രിയ രംഗത്ത് ഇന്ത്യ എത്രത്തോളം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഫോര്‍ട്ട് 2026 എന്ന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജറി വിദഗ്ധന്‍ ഡോ. ബ്രെറ്റ് ഫ്രിറ്റ്‌സ്ച് അഭിപ്രായ പ്പെട്ടു. ഇത്തരത്തില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതിലൂടെ റോബോട്ടിക് സര്‍ജറിയുടെ വിപുലമായ സാധ്യതകള്‍ വലിയ തോതില്‍ വിശകലനം ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം സംഘടിപ്പിച്ച സര്‍ജറി ലൈവ് ഡെമോണ്‍സ്ട്രേഷന്‍ വേറിട്ട അനുഭവമായി എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍, അസ്ഥിരോഗ ചികിത്സ വിദഗ്ധര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി. മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തരായ ഡോ. അജിത് കുമാര്‍, ഡോ. തഡിമോഹന്‍, ഡോ. പായം തരസൊലി, ഡോ. ശ്രീനിവാസ് തറ്റി, ഡോ. മനന്‍ഷാ, ഡോ. മുകേഷ് ലദ്ദ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
വിപിഎസ് ലേക്ഷോര്‍ ഓര്‍ത്തോപിഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് വര്‍ഗീസ്, ഡോക്ടര്‍മാരായ ഡോ. അപ്പു ബെന്നി തോമസ്, ഡോ. വിനയ് ജയ്സണ്‍ ചാക്കോ, ഡോ. എബിന്‍ റഹ്മാന്‍, ഡോ. ജോസ് തോമസ് പാപ്പനശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates