

ഇടുക്കി; കാനഡയിലേക്ക് നഴ്‌സിങ് ജോലിക്ക് പോകാൻ കാത്തിരിക്കുയായിരുന്നു ആഷിഫ. സർട്ടിഫിക്കറ്റുകളെല്ലാം റെഡിയായിരുന്നു. എന്നാൽ ഇനി ആഷിഫയ്ക്ക് ആ ജോലി കിട്ടണമെങ്കിൽ അവരുടെ കാർ മോഷ്ടിച്ചവർ കനിയണം. കഴിഞ്ഞ മാസം 22നാണ് ഫ്ളാറ്റിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ഇവരുടെ കാർ മോഷണം പോയത്. അതോടെ കാറിലുണ്ടായിരുന്ന ആഷിഫയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും നഷ്ടപ്പെടുകയായിരുന്നു.
തൊടുപുഴ മങ്ങാട്ടുകവല കണിയാംപറമ്പിൽ ജിബു കെ.ജലാലും ഭാര്യ ആഷിഫയുമാണ് കള്ളന്മാരുടെ സഹായത്തിനായി കാത്തിരിക്കുന്നത്. കാനഡയിലേക്ക് നഴ്‌സിങ് ജോലിക്ക് പോകാൻ കാത്തിരിക്കുന്ന ഭാര്യയുടെ എക്‌സ്പീരിയൻസ് രേഖകളും തന്റെ ആധാർ കാർഡുമെല്ലാം സ്‌കാൻ ചെയ്ത് ഏജൻസിക്ക് നൽകാൻ പോയശേഷം തിരിച്ചെത്തിയതായിരുന്നു ജിബു. മങ്ങാട്ടുകവലയിലെ വീടിനു തൊട്ടടുത്ത ഫ്ളാറ്റിന്റെ പാർക്കിങ് ഏരിയയിലിട്ട കാറിൽനിന്ന് രേഖകളെടുക്കാൻ മറന്നു. പിറ്റേന്ന് രാവിലെ ചെന്നപ്പോൾ അവിടെ കാറില്ലായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അന്ന് വെളുപ്പിന് രണ്ടുപേർ ചേർന്ന് കാർ കടത്തിക്കൊണ്ടുപോകുന്നതായി കണ്ടു. ഇതോടെ കുടുംബത്തിന്റെ വിദേശയാത്രയും പ്രതിസന്ധിയിലായി. മുൻപ് സൗദിയിൽ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സൗദിയിൽനിന്ന് വീണ്ടുമത് ലഭിക്കുക എളുപ്പമല്ല. സംഭവം നടന്നിട്ട് മൂന്നാഴ്ചയാകുമ്പോഴും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമില്ലെന്നാണ് കുടുംബം പറയുന്നത്.
തൊടുപുഴ പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പിക്കും പരാതി നൽകിയെങ്കിലും തൊടുപുഴ നഗരത്തിലെ പോലീസിന്റെ സി.സി.ടി.വി.കൾ പ്രവർത്തനരഹിതമായതിനാൽ കൂടുതൽ തെളിവുകളും ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കുന്നതിന് ഇടുക്കി എസ്പിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജിബു പരാതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates