

കൊച്ചി: കൊച്ചി നഗരത്തില്‍ കാറില്‍ എത്തിയാല്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്നത് എല്ലാവരും തലപുകയ്ക്കുന്ന കാര്യമാണ്. നഗരത്തിലെ കാര്‍ പാര്‍ക്കിങ് ഇനിമുതല്‍ തലവേദനയാകില്ല. പാര്‍ക്കിങ് ഏരിയ ബുക്ക് ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങളുള്ള സ്മാര്‍ട്ട് പാര്‍ക്കിങ് മാനേജ്മെന്റ് സിസ്റ്റം (പാര്‍കൊച്ചി) തയ്യാര്‍.
ഉദ്ഘാടനം ചൊവ്വാഴ്ച പകല്‍ 12ന് സിഎസ്എംഎല്‍ കണ്‍ട്രോള്‍ റൂമില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. കൊച്ചി കോര്‍പറേഷന്‍, ജിസിഡിഎ, കൊച്ചി മെട്രോ, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സിഎസ്എംഎല്ലും കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 4.81 കോടിയാണ് സിഎസ്എംഎല്‍ ഇതിനായി ചെലവിട്ടത്. പദ്ധതിവഴി നഗരത്തില്‍ വാഹനങ്ങള്‍ അനായാസമായി പാര്‍ക്ക് ചെയ്യാനാകും.
പാര്‍കൊച്ചി മൊബെല്‍ ആപ്പാണ് പദ്ധതിയുടെ മുഖ്യ സവിശേഷതകളിലൊന്ന്. ഇതില്‍ പാര്‍ക്കിങ് സ്ഥലങ്ങളുടെ വിവരങ്ങളുണ്ട്. തെരഞ്ഞെടുത്ത സ്ഥലത്ത് പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങളുടെ എണ്ണം ഉള്‍പ്പെടെ അറിയാനാകും. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കാറിന്റെ നമ്പര്‍, സമയം എന്നിവ നല്‍കി ബുക്ക് ചെയ്യണം. ഒപ്പം പണവും അടയ്ക്കാം. ഉദ്ഘാടനത്തിനുശേഷം അധികം വൈകാതെ ആപ്പ് ലഭ്യമാക്കും.
പാര്‍ക്കിങ്ങ് സ്ഥലത്ത് എത്തി ടിക്കറ്റിങ് മെഷീന്‍ വഴി പണമടച്ചും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഫാസ്റ്റ് ടാഗ് ടിക്കറ്റിങ്ങുമുണ്ട്. ഗൂഗിള്‍ മാപ്പ് സഹായത്തോടെ പാര്‍ക്കിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തേക്ക് വഴികാണിക്കുന്ന തരത്തിലാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചി മെട്രോ, കോര്‍പറേഷന്‍, ജിസിഡിഎ, ഡിടിപിസി എന്നിവയ്ക്ക് കീഴിലുള്ള 30 കേന്ദ്രങ്ങളിലായി 2000 പാര്‍ക്കിങ് ഇടങ്ങളുടെ വിവരങ്ങളാണ് ആപ്പില്‍ ഉള്‍ക്കൊള്ളിക്കുന്നത്. മുഴുവന്‍ മെട്രോ സ്റ്റേഷനുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറൈന്‍ഡ്രൈവ്, ബോട്ടുജെട്ടി, ദര്‍ബാര്‍ ഗ്രൗണ്ട്, ജിസിഡിഎ കോംപ്ലക്സ്, ചേംബര്‍ ഓഫ് കൊമേഴ്സ്, എറണാകുളം മാര്‍ക്കറ്റ്, പി ടി ഉഷറോഡ് തുടങ്ങിയ കേന്ദ്രങ്ങളിലും പാര്‍ക്കിങ് ഇടങ്ങളുണ്ട്.
വാഹന നമ്പര്‍ പാര്‍ക്കിങ് കേന്ദ്രത്തിലെ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സിസ്റ്റം തിരിച്ചറിയും. ഇതോടെ ബൂം ബാരിയേഴ്സ് മാറും. തുടര്‍ന്ന് വാഹനം അകത്തേക്ക് കയറ്റാം. എഐ കാമറ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ എത്ര ഒഴിവുകളുണ്ടെന്ന് മനസ്സിലാക്കാന്‍ ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates