

കൊച്ചി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറാഴ്ച പിന്നിടുമ്പോള്‍, കാബിനറ്റ് റാങ്കുള്ള തന്ത്രപ്രധാന പദവികള്‍ക്കായി പിടിമുറുക്കി ഘടകകക്ഷികള്‍. മുമ്പ് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന, കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവിയിലേക്കാണ് പാര്‍ട്ടികള്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. മുസ്ലിം ലീഗ് മുന്‍മന്ത്രി ഡോ. എം കെ മുനീറിന്റെ പേര് ഈ പദവിയിലേക്കായി മുന്നോട്ടു വെച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി ജെ ജോസഫിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി ജോസഫിനെ നിയമിച്ചില്ലെങ്കില്‍, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യുസിഎഫ്‌സി) ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നു. അതല്ലെങ്കില്‍ സംസ്ഥാന കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ഒരു കാര്‍ഷിക പരിഷ്‌കരണ പാനലിന്റെ തലവനായി പി ജെ ജോസഫിനെ നിയമിക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. പി ജെ ജോസഫിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍, മുനീറിനെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ട് കാബിനറ്റ് റാങ്ക് നിയമനങ്ങളില്‍ ഒന്നെങ്കിലും വേണെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് മറ്റൊരു പ്രധാന മത്സരം നടക്കുന്നത്. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിനെ ഈ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി ചന്ദ്രശേഖര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം തയ്യാറാക്കാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധ സമിതിയെ ചന്ദ്രശേഖറാണ് നയിച്ചത്.
ഈ സമിതിയിലെ അംഗവും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ മുന്‍ ഡയറക്ടറുമായ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. ഡി. നാരായണയും പുനഃസംഘടിപ്പിച്ച ആസൂത്രണ ബോര്‍ഡില്‍ ഇടം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമോ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ( സിഇഒ) പദവിയോ നേടാന്‍ ലോബിയിംഗ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ നീതി ആയോഗിന്റെ മാതൃകയില്‍ ഒരു നയരൂപീകരണ സമിതിയായി ഇതിനെ മാറ്റാനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ് രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയുടെ നിയമനമാണ് രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു നിയമനം. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായ പി ജെ കുര്യന്‍ ഈ പദവിയിലേക്ക് താല്‍പ്പര്യമുണ്ട്. തിരുവനന്തപുരം എംപി ശശി തരൂരും ഈ സ്ഥാനത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടേയും, പ്രാദേശിക, സാമുദായിക സന്തുലിതത്വവും അടക്കം പരിഗണിച്ചാകും ഈ പദവികളിലേക്കുള്ള നിയമനങ്ങളെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates