

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രതിയായ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒളിവിലുള്ള ഇയാള്‍ സംസ്ഥാനം വിടാനുള്ള സാധ്യതയുള്ളതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതനുസരിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൊഴി പരിശോധിച്ചശേഷം വ്യക്തതക്കുറവുണ്ടെങ്കില്‍ ചെയര്‍മാനെ വീണ്ടും വിളിച്ചു വരുത്താനാണ് തീരുമാനം. നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്റര്‍വ്യൂ നടപടികള്‍ നടത്തിയത് സുതാര്യമായാണെന്നും ഡോ. ബൈജു മൊഴി നല്‍കി. ആസൂത്രണ ബോര്‍ഡ് ചീഫ് നിയമന ക്രമക്കേടിലായിരുന്നു പ്രധാനമായും അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞത്.
എന്തുകൊണ്ടാണ് പരീക്ഷയിലെ 54 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ആരുടേയും വാല്യു ചെയ്യാതെ പോയതെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചു. അത് തനിക്ക് അറിയില്ലെന്നും, മൂല്യനിര്‍ണയത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവാണ്. അത് സാങ്കേതിക പിഴവാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഡോ. എംആര്‍ ബൈജു പറഞ്ഞു. സാങ്കേതിക പിഴവ് തിരിച്ചറിയുന്നതിലും, ആ സമയത്തുതന്നെ കണ്ടെത്തുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. അറിഞ്ഞ ഉടന്‍ തന്നെ വീണ്ടും മൂല്യനിര്‍ണയം നടത്തുകയും, പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുകൊണ്ട് മനപ്പൂര്‍വ്വമുള്ളൊരു തട്ടിപ്പല്ലെന്നും ഡോ. എംആര്‍ ബൈജു മൊഴി നല്‍കി.
'പിഎസ് സിയിൽ കോക്കസ്' എന്ന് മൊഴി
അതേസമയം, പിഎസ് സിയില്‍ പല കാര്യങ്ങളും തീരുമാനിക്കുന്നത് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കോക്കസാണെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചെയര്‍മാനും ഒന്നോ രണ്ടോ അംഗങ്ങളും അടങ്ങിയ സംഘമാണ് പല പ്രധാന തീരുമാനങ്ങളും എടുക്കുന്നത്. യോഗങ്ങളില്‍ വരുന്ന പൊതുതീരുമാനങ്ങളില്‍മാത്രമാണ് തങ്ങള്‍ക്ക് പങ്കുള്ളതെന്നുമാണ് മൊഴി. പരീക്ഷാത്തട്ടിപ്പുകേസില്‍ ചെയര്‍മാനു പുറമെ, മൂന്ന് പിഎസ് സി അംഗങ്ങളാണ് ഇതുവരെ മൊഴി നല്‍കിയിട്ടുള്ളത്. ചോദ്യപ്പേപ്പര്‍ തെരഞ്ഞെടുക്കേണ്ടത് ചെയര്‍മാനും പിഎസ്‌സി സെക്രട്ടറിയും പരീക്ഷാ കമ്മിഷണറും ചേര്‍ന്നാണ്. പലപ്പോഴും സെക്രട്ടറിയെ ഒഴിവാക്കുന്ന രീതി ഉണ്ടായിട്ടുണ്ട്.
അഭിമുഖങ്ങളില്‍ അംഗങ്ങളെ നിയമിക്കുന്നതടക്കമുള്ള പല കാര്യങ്ങളും ചെയര്‍മാനും ഒപ്പമുള്ള ചില അംഗങ്ങളുംകൂടിയാണ് തീരുമാനിക്കുന്നത്. കേസില്‍ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയും ചെയര്‍മാനുമായി അടുത്ത ബന്ധമുണ്ടെന്നും മൊഴി ലഭിച്ചതായാണ് സൂചന. പലപ്പോഴും എഴുത്തുപരീക്ഷയില്‍ ലഭിച്ച മാര്‍ക്കുകള്‍ ചെയര്‍മാന്‍ അറിയാറുണ്ടെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates