

നിലവിലെ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ. നിലവിലെ വഖഫ് ബോർഡിന്റെ നിയമസാധുതയെ ചുറ്റിപ്പറ്റിയുള്ള ഹൈക്കോടതി കേസുകൾക്കിടെ എടുത്ത ഈ തീരുമാനം, വഖഫ് ബോർഡ് വിഷയത്തിൽ ലീഗിന്റെ രാഷ്ട്രീയ നിലപാട് കൂടുതൽ വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ നോമിനികളായി നിലവിൽ പ്രവർത്തിക്കുന്ന വഖഫ് ബോർഡ് അംഗങ്ങൾ വഖഫ് ഭേദഗതി നിയമം ( ഉമീദ് ആക്ട്) നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന നിഗമനത്തിലാണ് ശനിയാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി എത്തിയതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
, ബോർഡ് ചെയർമാൻ കെ.എസ്. ഹംസ, അംഗങ്ങളായ എ.എ. റഹീം, ഉമർ ഫൈസി മുക്കം എന്നിവർ ഉൾപ്പെടെയുള്ള നിലവിലെ ബോർഡ് അംഗങ്ങൾ ഉമീദ് ആക്ട് അനുശാസിക്കുന്ന നിയമപരമായ യോഗ്യതകൾ നിലവിൽ പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയതെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ച മുസ്ലിം ലീഗ് സംസ്ഥാന നേതാവ് പറഞ്ഞു.
"ഉമീദ് ആക്ട് പ്രകാരം വഖഫ് ബോർഡ് അംഗങ്ങൾ മുസ്ലിം എംപിയോ എംഎൽഎയോ, മുത്തവല്ലിയോ, മതപണ്ഡിതരോ, പ്രൊഫഷണലുകളോ സർക്കാർ ഉദ്യോഗസ്ഥരോ ആയിരിക്കണം. ബോർഡ് രൂപീകരിക്കുമ്പോൾ കെ.എസ്. ഹംസ എംഎൽഎയായിരുന്നു. എ.എ. റഹീം രാജ്യസഭാംഗവുമായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ നിയമനിർമാണ സഭകളിലെ അംഗങ്ങളല്ല. അതുപോലെ, ഉമർ ഫൈസി മുക്കത്തെ മുത്തവല്ലി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയതെങ്കിലും അദ്ദേഹം ഒരു മുസ്ലിം ജമാഅത്തിന്റെ മുത്തവല്ലിയല്ല. ഈ സാഹചര്യത്തിലാണ് നിലവിലെ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തെ പാർട്ടി പിന്തുണയ്ക്കാൻ തീരുമാനിച്ചത്," അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിലവിലെ വഖഫ് ബോർഡ് റദ്ദാക്കിയാൽ കോടതി വിധി സർക്കാർ അംഗീകരിക്കണമെന്നും ലീഗും അതിനെ എതിർക്കില്ലെന്നും നേതാവ് പറഞ്ഞു. എന്നാൽ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ഉമീദ് ആക്ടിലെ വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ ഒരു മാറ്റവുമില്ല," അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വഖഫ് ബോർഡുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് തിരിച്ചടിയേറ്റെന്ന പ്രചാരണം വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ തള്ളി. ഹൈക്കോടതിയിൽ നൽകിയ നാല് ഹർജികളും തള്ളണമെന്നായിരുന്നു സർക്കാരിന്റെ നിലപാടെന്നും, അതിനെക്കുറിച്ച് ബോധപൂർവം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
"ഹൈക്കോടതിയിൽ സമർപ്പിച്ച നാല് ഹർജികളും തള്ളണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിച്ചത്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ചിലർ ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുൻ എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് രൂപീകരിച്ചത്. ആ അപാകതകൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതിനിടെയാണ് വിഷയം കോടതിയിലെത്തിയത്. സർക്കാരിന്റെ നിലപാട് മതപണ്ഡിതരെയും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ബോധ്യപ്പെടുത്തും. വഖഫ് ബോർഡിൽ അമുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ഒരിടത്തും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല," മന്ത്രി പറഞ്ഞു.
നിലവിലെ വഖഫ് ബോർഡ് വിവിധ ക്വാട്ടാ വ്യവസ്ഥകൾ ലംഘിച്ചാണ് രൂപീകരിച്ചതെന്നും മന്ത്രി ആരോപിച്ചു.
"നിയമം നിഷ്കർഷിക്കുന്ന വിവിധ ക്വാട്ടാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചത്. എൽഡിഎഫ് സർക്കാർ നിയമിച്ച ബോർഡിലുള്ളവർ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. വിഷയം സുപ്രീം കോടതിയിലെത്തിയാലും സർക്കാരിന്റെ നിലപാട് തിരിച്ചടിയാകില്ല. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് പൂർണ നിയമപരമായ അധികാരമുണ്ട്. ഹർജി നൽകിയ ബിജെപി നേതാവിന്റെ വാദങ്ങളെയല്ല സർക്കാർ പിന്തുണച്ചത്," മന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates