

കണ്ണൂര്‍: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജോണ്‍ബ്രിട്ടാസ് എംപി. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സൃഷ്ടിപരമല്ല. മറിച്ച് തടസ്സപ്പെടുത്തല്‍ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം.
കേരളവുമായി ബന്ധപ്പെട്ട അടിയന്തര വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി, പതിവ് പ്രതിഷേധനടപടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഇന്ത്യ മുന്നണി നേതാക്കളുടെ പാര്‍ലമെന്ററി യോഗത്തില്‍ താന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഉള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ലെന്നാണ്, രാഹുല്‍ഗാന്ധിക്കെതിരെ ജോൺ ബ്രിട്ടാസ് വിമർശനം ഉന്നയിക്കുന്നത്. തന്റെ അഭ്യര്‍ത്ഥന അവഗണിച്ച് പ്രതിപക്ഷം പതിവ് സമീപനം തുടര്‍ന്നുവെന്നും ബ്രിട്ടാസ് പറയുന്നു.
അഭിമുഖത്തില്‍, രാഹുല്‍ഗാന്ധി കര്‍ക്കശക്കാരനാണോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നാണ് ബ്രിട്ടാസിന്റെ മറുപടി. തനിക്ക് രാഹുലുമായി ഊഷ്മളമായ ബന്ധം ഇല്ലെന്നും ബ്രിട്ടാസ് പറയുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. നേരത്തെ ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ പാര്‍ലമെന്ററി ഫ്‌ലോര്‍ മീറ്റിങ്ങില്‍ രാഹുലിന്റെ സമീപനത്തെ താന്‍ വിമര്‍ശിച്ചിരുന്നു. അതാകാം കാരണം. ആരോഗ്യകരമായ ജനാധിപത്യ നടപടികള്‍ക്ക് ഒരു തടസ്സമായി രാഹുലിനെ സഖ്യകക്ഷികള്‍ പോലും കാണുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ദിവസവും പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് നല്ലതല്ലെന്ന് താന്‍ യോഗത്തില്‍ പറഞ്ഞു. പ്രതിഷേധത്തിന് നൂതന വഴികള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ചില വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോകുകയാണ്. അതിനാല്‍ സഭ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. പ്രതിഷേധത്തില്‍ ചോദ്യോത്തര വേളകളും ചര്‍ച്ചകളും റദ്ദാക്കുകയാണ്. അത് സര്‍ക്കാരിന് സുഖകരമാണ്. സര്‍ക്കാരിനെ ഉത്തരവാദിത്തമുള്ളവരാക്കാന്‍, പാര്‍ലമെന്റ് നടപടികള്‍ നടക്കേണ്ടതുണ്ട്.' എന്നാണ് താന്‍ പറഞ്ഞത്. തന്റെ നിര്‍ദേശത്തെ പല നേതാക്കളും പിന്തുണച്ചു. രാഹുല്‍ ഗാന്ധിയാണോ സമ്മതിക്കാതിരുന്നതെന്ന ചോദ്യത്തിന്, 'അദ്ദേഹത്തിന് എന്തോ ബുദ്ധിമുട്ടുണ്ടായിരുന്നു... എനിക്കറിയില്ല'' എന്ന് ബ്രിട്ടാസ് മറുപടി നല്‍കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates