

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ മോര്‍ച്ചറിയിലാണോ എന്നാണ് സംശയമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അഞ്ച് വര്‍ഷം മുന്‍പ് ഗര്‍ഭപ്രാതം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയിലാണ് ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടങ്ങിയത്. അവര്‍ അഞ്ച് വര്‍ഷം കഠിന വേദനയാണ് സഹിച്ചത്. ഇത്രയൊക്കെ ഉണ്ടായിട്ട് ഇക്കാര്യം പുറത്തുപറയരുതെന്നാണ് അവിടുത്തെ ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞതെന്ന് മുരളീധരന്‍ പറഞ്ഞു. ഈ സംഭവം കഴിഞ്ഞ് ഒന്നരവര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് ചെന്ന ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് ആശുപത്രിയില്‍ കെടുകാര്യസ്ഥതയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ ഇടയായി. ഇങ്ങനെയുള്ള നിരവധി കാരണങ്ങള്‍ ദിവസേന ഉണ്ടാകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഒരുമേജര്‍ സര്‍ജറി പോലും അവിടെ നടക്കുന്നില്ല. അപ്പോഴാണ് മുഖ്യമന്ത്രി അബുദാബിയില്‍ പോയി പറയുന്നത് കേരളത്തിലെ ആരോഗ്യരംഗം അമേരിക്കയെ കടത്തിവെട്ടിയെന്ന്. ഫലത്തില്‍ ഈ വകുപ്പ് വെന്റിലേറ്ററിലോ മോര്‍ച്ചറിയിലോ ആണ്. ഇത്തരം കാര്യങ്ങളില്‍ ഒരുതീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഡോക്ടര്‍മാരുടെ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സമരം കണ്ടഭാവം പോലും നടിക്കുന്നില്ല. സാധാരണരോഗികള്‍ക്ക് രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. മറുഭാഗത്ത് സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ സംഖ്യ ഇരട്ടി വര്‍ധിക്കുകയാണ്. അവിടുത്തെ ബില്ല് താങ്ങാന്‍ സാധാരണക്കാരന് കഴിയുമോ?. ഈ രീതിയില്‍ പോയാല്‍ കേരളത്തിലെ ജനങ്ങള്‍ മൊത്തം സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന് എതിരാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
കത്രിക എത്രവര്‍ഷം വയറ്റിലിരുന്നാലും കുഴപ്പമില്ലെന്ന ഗവേഷണമാണോ ഇപ്പോള്‍ നടത്തേണ്ടതെന്ന് കെ മുരളീധരന്‍ ചോദിച്ചു. വയറ്റിലുള്ള കുട്ടിയെയോ, ഗര്‍ഭപ്രാത്രമോ പുറത്തെടുത്താല്‍ കത്രിക ഫ്രീ എന്ന നിലപാടിലാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ സാധാരണക്കാര്‍ ഭയപ്പെടുകയാണ്. ഡോക്ടര്‍മാരില്‍ ചില ആളുകള്‍ തെറ്റു ചെയ്യുമ്പോള്‍ മറ്റ് ഡോക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates