

തിരുവനന്തപുരം: ഇത് പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനത്തിന് മനസിലായതിന്റെ ഫലമാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സര്‍ക്കാര്‍ പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. ജനങ്ങളെ പറ്റിക്കാന്‍ നോക്കി. ഏപ്രില്‍ വരെ മാത്രം ഇത് കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ അധിക ഫണ്ട് വാങ്ങി. ഇതൊക്കെ ജനത്തിന് അറിയാം. ജനം പത്രം വായിക്കുന്നവരും ടിവി കാണുന്നവരുമാണ്. അതുകൊണ്ട് ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചു. അതാണ് ഉണ്ടായത്.'- കെ മുരളീധരന്‍ പറഞ്ഞു.
'അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലം'
അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇത് നിയമസഭയിലും ഉണ്ടാവും. നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് നല്ല വിജയമാണ് കാഴ്ചവെച്ചത്. യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ ഉജ്ജ്വല വിജയം. ഇതിന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിനുള്ള മറുപടിയാണ് ജനം നല്‍കിയത്. ഗ്രൗണ്ട് റിയാല്‍റ്റി മനസിലാക്കാതെ മുഖ്യമന്ത്രി എന്തു പറയുന്നു എന്നത് കേരളത്തിലെ ജനങ്ങള്‍ ഒന്നുംകൂടി ചിന്തിക്കും. സര്‍ക്കാരിന് ഇനി ഒരിഞ്ചു പോലും മുന്നോട്ടുപോകാന്‍ കഴിയില്ല. ഇത് യുഡിഎഫിന്റെ തിരിച്ചുവരവാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്നമായിരുന്നില്ലല്ലോ. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശബരിമലയെ പുച്ഛിച്ച് തള്ളുകയായിരുന്നു. അതായിരുന്നു അവരുടെ നിലപാട്. സിപിഎമ്മിന്റെ ഔദാര്യത്തിലാണ് ബിജെപി വിജയിച്ചത്. സിപിഎമ്മിന് ഉണ്ടായ ആശയദാരിദ്ര്യമാണ് ഈ തോല്‍വിക്ക് കാരണം. പാര്‍ട്ടി എടുക്കുന്ന നിലപാടിന് എതിരായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. എന്തിന് വേണ്ടിയായിരുന്നു? മോദിക്ക് മുന്നില്‍ കവാത്ത് മറക്കുന്ന ശൈലി തുടരാന്‍ വേണ്ടിയിട്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ഉടനീളം ബിജെപി- സിപിഎം ബന്ധമാണ് ഉന്നയിച്ചത്. ജനങ്ങളെ മറന്നുപോകുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നന്നായി പൊരുതി. വാര്‍ഡ് തലത്തില്‍ നിന്നുവന്ന സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ബ്ലോക്ക് തലത്തില്‍ യുഡിഎഫിന് വിജയം ഉണ്ടാവാറില്ല. ഇത്തവണ ബ്ലോക്ക് തലത്തിലും വിജയിക്കാന്‍ കഴിഞ്ഞൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates