'തീ കുണ്ഡം കടന്നവരാണ് കോണ്‍ഗ്രസുകാര്‍, വെറുതെ ചൂട്ട് കാട്ടി പേടിപ്പിക്കരുത്'

രാഹുലിനെ അയോഗ്യനാക്കിയതിന് ബിജെപി മറുപടി നല്‍കേണ്ടി വരും
കെ സുധാകരന്‍ സത്യഗ്രഹസമരത്തില്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്
കെ സുധാകരന്‍ സത്യഗ്രഹസമരത്തില്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്
Updated on: 
1 min read

തിരുവനന്തപുരം: ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ല. തീ കുണ്ഡം കടന്നവരാണ് കോണ്‍ഗ്രസുകാര്‍. വെറുതെ ചൂട്ട് കാട്ടി പേടിപ്പിക്കരുതെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനെതിരെ ഗാന്ധിപാര്‍ക്കില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബിജെപി. ജനാധിപത്യത്തിന്റെ ആത്മാവ് വിമര്‍ശനമാണ്. രാഹുലിനെ അയോഗ്യനാക്കിയതിന് ബിജെപി മറുപടി നല്‍കേണ്ടി വരും. ജനശക്തിക്ക് മുന്നില്‍ ഏകാധിപത്യ ഭരണകൂടം തലകുനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നാലു ലക്ഷം വോട്ടിനു ജയിച്ച രാഹുലിനെ അയോഗ്യനാക്കാന്‍ എന്തു തെളിവുകളാണുള്ളത്. രാഹുല്‍ പഴയ രാഹുല്‍ഗാന്ധിയല്ല, ഇന്ത്യ പ്രതീക്ഷയോടെ നോക്കിക്കാണുന്ന രക്ഷകനാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. 

രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മാത്രമാണ് തങ്ങളുടെ ശത്രുവെന്ന് നരേന്ദ്ര മോദിയും ബിജെപിയും ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്.  പത്തു മോദിമാരെ നേരിടാനുള്ള കരുത്ത് രാഹുല്‍ ഗാന്ധിക്കുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത രക്തസാക്ഷികളുടെ പാരമ്പര്യം പേറുന്ന അദ്ദേഹത്തെയാണ് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ നിശ്ശബ്ദനാക്കാന്‍ നോക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വലിയ വിജയം മോദിയെ പരിഭ്രാന്തനാക്കിയതിന്റെ തെളിവാണ് ഇപ്പോഴത്തെ നടപടികള്‍. 

തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ചോദ്യങ്ങളെ ഭയക്കുകയാണ് മോദിയും ബിജെപിയും. ഏകാധിപത്യവും സര്‍വ്വാധിപത്യവും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന മോദിയും ആര്‍ എസ് എസും  ഈ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയാണ് കശാപ്പ് ചെയ്യുന്നത്. 'എത്ര വര്‍ഷം തടവില്‍ കഴിയേണ്ടി വന്നാലും എത്ര തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അയോഗ്യത കല്‍പിച്ചാലും നിങ്ങള്‍ക്ക് എന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ല, ഞാന്‍  ഇനിയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും ' എന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com