

കോട്ടയം: മാത്യു കുഴൽനാടനെതിരെ അന്വേഷണം നടത്തുന്നതിനു മുൻപായി പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴൽനാടനെവച്ചുനോക്കുമ്പോൾ സതീശൻ വലിയ തെറ്റാണ് ചെയ്തത്. എന്നിട്ടും സതീശന് മാത്രം ആനുകൂല്യം കിട്ടുന്നത് എങ്ങനെയാണെന്ന് സുരേന്ദ്രൻ ചോദിച്ചു. തനിക്കെതിരായ കേസ് അന്വേഷിക്കാൻ എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ ഇടപാടുകൾ എന്താണ് അന്വേഷിക്കാത്തത്? എനിക്ക് അതാണ് അദ്ഭുതം. മാത്യു കുഴൽനാടന്റേത് സതീശനുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന ചെറിയ കുറ്റമാണ്. സതീശൻ വിദേശത്തു പോയി ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇവിടേക്കു പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്ത കേസാണ്. അതെന്താണ് അന്വേഷിക്കാത്തത്? മാത്യു കുഴൽനാടൻ നിയമസഭയിൽ ചില വിഷയങ്ങൾ ഒറ്റയ്ക്ക് ഉന്നയിച്ചു എന്നതിന്റെ പേരിൽ അന്വേഷിച്ചാൽ പോരാ. മാത്യു കുഴൽനാടൻ അത്ര ഹരിശ്ചന്ദ്രനൊന്നുമല്ല. അയാളുടെ കേസും അന്വേഷിക്കണം. പക്ഷേ, സതീശനെ എന്താണ് ചോദ്യം ചെയ്യാത്തത്? എത്ര തവണയാണ് എന്നെ പൊലീസ് വിളിച്ച് ചോദ്യം ചെയ്തത്. എത്ര തെളിവെടുപ്പുകളാണ് എന്റെ പേരിൽ നടത്തിയത്. എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുകൊണ്ടു പോകുകയാണ്. എന്റെ ശബ്ദം പരിശോധിക്കുക, എല്ലാ കേസിലും ചാർജ് ഷീറ്റ് കൊടുക്കുക. എന്തുകൊണ്ടാണ് സതീശനു മാത്രം ഇത്ര ആനുകൂല്യം?.- സുരേന്ദ്രൻ ചോദിച്ചു.
‘‘സതീശൻ ചെയ്ത കുറ്റം തെറ്റല്ല എന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും പറയട്ടെ. മാത്യു കുഴൽനാടന്റെ കേസിനു മുൻപ് സതീശന്റെ കേസാണ് ഉയർന്നുവന്നത്. സതീശന്റെ കാര്യത്തിൽ അന്വേഷണ സംഘം ഇതുവരെ എന്താണ് ചെയ്തത്? അദ്ദേഹത്തെ ചോദ്യം ചെയ്തോ? അദ്ദേഹത്തിന്റെ പേരിൽ എഫ്ഐആർ ഇട്ടോ? സതീശന്റെ രേഖകൾ പരിശോധിച്ചോ? സതീശൻ ഏതൊക്കെ കമ്പനികളിൽ നിന്ന് പണം കൊണ്ടുവന്നു, അത് എങ്ങനെ ചെലവഴിച്ചു എന്നതെല്ലാം അന്വേഷിച്ചോ? കെ.എം.ഷാജിക്കെതിരെ കേസെടുക്കുന്നു, കെ.സുധാകരനെതിരെ പോലും കേസെടുക്കുന്നു, ഇപ്പോൾ മാത്യു കുഴൽനാടനെതിരെ കേസെടുക്കുന്നു. എന്തുകൊണ്ടാണ് സതീശൻ മാത്രം ഇക്കാര്യത്തിൽ വ്യത്യസ്തനാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
