

കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി ചെന്നൈ തൊണ്ടയാര്‍പേട്ട് സ്വദേശി ഷംസുദ്ദീന്‍ സേട്ട് ലഹരിമരുന്ന് എത്തിച്ചിരുന്നത് ശ്രീലങ്കയില്‍ നിന്ന്. എക്‌സൈസ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലുള്ള മരുമകന്‍ വഴിയാണ് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഷംസുദ്ദീന്‍ ലഹരിമരുന്ന് ചെന്നൈയില്‍ എത്തിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു.
ശ്രീലങ്കയില്‍ സുലഭമായ വില കുറഞ്ഞ രാസലഹരിവസ്തു എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുകയ്ക്ക് വില്‍ക്കുകയായിരുന്നു ഷംസുദ്ദീന്റെ രീതി. ഇതിലൂടെ ലക്ഷങ്ങളാണ് സമ്പാദിച്ചിരുന്നതെന്ന് എക്‌സൈസ് വിലയിരുത്തുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതി പണം സ്വീകരിച്ചിരുന്നത്.
കാക്കനാട്ടെ മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫവാസ്, അഞ്ചാംപ്രതി ശബ്‌ന മനോജ് എന്നിവരുമായി ഷംസുദ്ദീന്‍ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇതിന് മുമ്പും പ്രതികള്‍ക്ക് ഷംസുദ്ദീന്‍ വന്‍തോതില്‍ രാസലഹരി വിതരണം ചെയ്തിട്ടുണ്ടെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ പിടിയിലാകുന്ന ഇരുപതാമനാണ് ഷംസുദ്ദീന്‍. എക്‌സൈസ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 25-ാം പ്രതിയാണ് ഷംസുദ്ദീന്‍. മുഖ്യപ്രതി ഷംസുദ്ദീനാണെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എക്‌സൈസ് കണ്ടെത്തിയിരുന്നു.
ഒളിത്താവളങ്ങള്‍ ഇടയ്ക്കിടെ മാറും
ചെന്നൈയില്‍ രാസലഹരി കൈമാറിയത് ഷംസുദ്ദീനാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മറ്റു പ്രതികളില്‍ നിന്ന് ഒട്ടേറെ തവണ പണം ബാങ്ക് അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഒളിത്താവളങ്ങള്‍ അടിക്കടി മാറിയാണ് ഷംസുദ്ദീന്‍ കഴിഞ്ഞിരുന്നത്.
സ്വന്തം പിക്കപ്പ് വാനില്‍ ആയിരുന്നു സഞ്ചാരം. കുടുംബവുമൊത്ത് ഒളിത്താവളം മാറാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഷംസുദ്ദീന്‍ പിടിയിലാകുന്നത്. മധുര സിക്കിംമഗലത്തെ ഒരു കോളനിയിലായിരുന്നു പ്രതിയും കുടുംബവും താമസിച്ചിരുന്നത്. പ്രാദേശിക സഹായമില്ലാതെ കോളനിക്ക് അകത്തു കയറുക പോലും പ്രയാസകരമായിരുന്നു.
തെറ്റിദ്ധരിപ്പിക്കാന്‍ സ്ത്രീകളുടെ ശ്രമം
സിക്കിമംഗലം ഉള്‍പ്പെടുന്ന സിലൈമാന്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, മഫ്തിയില്‍ ഇരുചക്രവാഹനങ്ങളില്‍ കോളനിയിലെത്തിയ അന്വേഷണ സംഘം വീടു വളയുകയായിരുന്നു. ആദ്യഘട്ടത്തില്‍ പ്രതിയുടെ ബാര്യയും മകളുമുള്‍പ്പെടെയുള്ള സ്ത്രീകള്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.
പൊലീസ് അന്വേഷിക്കുന്നയാള്‍ മൂന്നു വീട് അപ്പുറത്താണ് താമസിക്കുന്നതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച അന്വേഷണസംഘം വീടിന്റെ കൃത്യമായ സ്ഥനം അടക്കം കണ്ടെത്തിയിരുന്നു. വീട്ടില്‍ കയറി പരിശോധിക്കുമെന്ന് കര്‍ശന നിലപാടെടുത്ത അന്വേഷണസംഘം, വീടിനകത്ത് ഒളിച്ചിരുന്ന ഷംസുദ്ദീനെ പിടികൂടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates