'നിർത്തു ഈ ക്രൂരത'- വളർത്തു നായയേയും മൂന്ന് കുഞ്ഞുങ്ങളേയും ടാർ വീപ്പയിൽ തള്ളി ഉടമ; രോമവും തൊലിയും അടർന്ന് നരക യാതന

'നിർത്തു ഈ ക്രൂരത'- വളർത്തു നായയേയും മൂന്ന് കുഞ്ഞുങ്ങളേയും ടാർ വീപ്പയിൽ തള്ളി ഉടമ; രോമവും തൊലിയും അടർന്ന് നരക യാതന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: ഉടമയുടെ ക്രൂര പീഡനമേറ്റു വാങ്ങി വളർത്തു നായയും മൂന്ന് കുഞ്ഞുങ്ങളും. പിറന്നുവീണു ദിവസങ്ങൾക്കുള്ളിൽ നായ്ക്കുട്ടികളും അമ്മ ജൂലി എന്ന നായയും കൈയും കണക്കുമില്ലാത്ത ക്രൂരതയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കണ്ണൂരിലാണ് സംഭവം. പരിയാരം കുണ്ടപ്പാറയിലെ ജൂലി എന്ന വളർത്തുനായയ്ക്കും മൂന്നു കുഞ്ഞുങ്ങൾക്കുമാണ് ഉടമയുടെ ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. 

ജനിച്ച് കണ്ണു തുറന്നുവരുമ്പോഴാണ് അവരെ ഉടമ അമ്മ ജൂലിക്കൊപ്പം വഴിയോരത്തെ ടാർ വീപ്പയിൽ തള്ളിയത്. ഉരുകിയൊഴുകിയ ടാർ ജൂലിയുടെ രോമങ്ങളിലാകെ പുതഞ്ഞു. ടാർ വീപ്പയിൽ നിന്നു നായ്ക്കൾ ബഹളം വച്ചപ്പോൾ ഉടമ എത്തി അവയെ വലിച്ചു പുറത്തിട്ടു. ടാർ നീക്കാനായി മണ്ണെണ്ണ പ്രയോഗമായിരുന്നു അടുത്തപടി. ടാർ പുരണ്ട രോമത്തിനൊപ്പം തൊലിയും അടർന്നു പോയതോടെ നരകയാതനയിലായി ജൂലി. 

നിസഹായരായി നായ്ക്കുട്ടികളും ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പീപ്പിൾ ഫോർ അനിമൽ വെൽഫെയർ (പിഎഡബ്ല്യു) പ്രവർത്തകരെ വിവരം അറിയിച്ചു. അവർ നായയെയും കുഞ്ഞുങ്ങളെയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകാൻ തുടങ്ങി. അതിക്രൂരമായാണു നായയെ ഉപദ്രവിച്ചതെന്നു മനസിലാക്കാൻ കഴിഞ്ഞതായി പിഎഡബ്ല്യു പ്രവർത്തക ഡോ. സുഷമ പ്രഭു പറഞ്ഞു. വളർത്തു നായയുടെ വാലു മുറിച്ച യജമാനൻ അതിനെ നിരന്തരം ഉപദ്രവിക്കുന്നുണ്ടായിരുന്നു. വേദന സഹിക്കാതെ വീടു വിട്ടിറങ്ങിയ നായ റോഡരികിലാണു പ്രസവിച്ചത്.

വളർത്തു നായ കുഞ്ഞുങ്ങളുമായി വഴിയോരത്തു കഴിയുന്നത് കാൽനടയാത്രക്കാർക്ക് ഉപദ്രവമാകുമെന്നു നാട്ടുകാർ പറഞ്ഞപ്പോഴാണ് നായ്ക്കളെ ടാർ വീപ്പയിൽ തള്ളിയത്. തൊലിയുരിഞ്ഞു പോയതോടെ ഭക്ഷണം തേടാൻ പോലുമാകാതെ വെയിലും മഴയുമേറ്റും വേദനതിന്നു കിടപ്പായി ജൂലി. അതിനിടെ പാൽ ചുരത്താൻ പോലും കഴിയാതെ നായ തളർന്നു. ഇത്തിരി പാൽ പോലും കിട്ടാതായതോടെ മക്കളും അവശരായി.

റോഡരികിൽക്കിടന്നു നായ്ക്കൾ നരകിക്കുന്നതു കണ്ട് നാട്ടുകാർ പരിയാരം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ നായ്ക്കൾക്കു വീട്ടുടമ രണ്ട് തവണ വിഷം നൽകിയതായി ബന്ധുക്കളിൽ നിന്ന് അറിഞ്ഞുവെന്നും പിഎഡബ്ല്യു പ്രവർത്തകർ പറഞ്ഞു. നാട്ടുകാരിൽ ചിലർ ഭക്ഷണം കൊടുക്കാൻ ശ്രമിച്ചെങ്കിലും എഴുന്നേൽക്കാൻ പോലുമാകാത്തതിനാൽ കഴിക്കാനായില്ല.

പിഎഡബ്ല്യു പ്രവർത്തകരായ കെ രമേഷും നിഖിലേഷ് മാണിക്കോത്തും പിവി രതീഷും എത്തുമ്പോൾ രണ്ട് കുഞ്ഞുങ്ങൾ മാത്രമേ അരികിലുണ്ടായിരുന്നുള്ളൂ. ജൂലിയേയും കുഞ്ഞുങ്ങളെയും അവർ സുരക്ഷിതമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു. നിലവിൽ വെറ്ററിനറി സർജൻ ഡോ. ഷെറിൻ സാരഗത്തിന്റെ നേതൃത്വത്തിലുള്ള പരിചരണത്തിലാണ് ജൂലിയും മക്കളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com