കർക്കടക വാവുബലി; റേഷൻ കടകളിൽ ഇന്ന് ഉച്ചവരെ നിയന്ത്രിത അവധി, തിരുവനന്തപുരത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല
തിരുവനന്തപുരം; സംസ്ഥാനത്തെ റേഷൻ കടകളിൽ ഇന്ന് ഉച്ചവരെ നിയന്ത്രിത അവധി. കർക്കടക വാവു പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 വരെ റേഷൻ കടകൾക്ക് നിയന്ത്രിത അവധി അനുവദിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. ബലിതർപ്പണം നടത്തേണ്ട റേഷൻ വ്യാപാരികളുടെ സൗകര്യാർത്ഥമാണിത്.
കർക്കടക വാവുബലിയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ട് മണി വരെയാണ് നിരോധനം. തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കർക്കിടക വാവു ദിനത്തിൽ ബലിതർപ്പണം നടക്കുന്നത്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

