

കൊല്ലം: ആയുർവേദ ഡോക്ടർമാരുടെ സംഘടനകളെ കടുത്ത ഭാഷയിൽ വിമർശിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. ആരോഗ്യ മന്ത്രി വീണാ ജോർജ് വേദിയിലിരിക്കെയാണ് ഗണേഷ് കുമാറിന്റെ വിമർശനം. തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാർ വീണ്ടും ഡോക്ടർമാർക്കെതിരെ രംഗത്തെത്തിയത്.
തന്റെ പുര കത്തിയാലും സാരമില്ല, ആ സമയം അപ്പുറത്ത് നിൽക്കുന്നവന്റെ വാഴ വെട്ടി അടിക്കാം എന്ന് ചിന്തിക്കുന്ന ചില അലവലാതികളുണ്ട് അവരെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ നേതാക്കളെ വിമർശിച്ചപ്പോഴും ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്കെതിരേ നടപടി എടുക്കരുതെന്ന് എംഎൽഎ മന്ത്രിയോട് അഭ്യർഥിച്ചു.
‘സ്റ്റാഫിന്റെ പാറ്റേൺ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയിൽ പറഞ്ഞത്. തലവൂർ ആയുർവേദ ആശുപത്രിക്കു വേണ്ടിയല്ല അയാൾ സംസാരിക്കുന്നത്. അയാൾക്ക് സ്റ്റാഫ് പാറ്റേൺ ശരിയാക്കിയാൽ മതി. 40 കിടക്കയുള്ള ആശുപത്രിയിൽ രണ്ടു പേരെ ഉള്ളൂവെന്നാണ് പറഞ്ഞത്. രണ്ടു പേർ ഉണ്ടായിരുന്നു, ഒരാൾ പോയതാണ്. പേ വാർഡിനായി ഒരു സ്വീപ്പറെ തന്നെ ഇവിടെ കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ എടുക്കുന്നതിനായി എച്ച്എംസിയിൽ 10 പേരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ നാലായി വിഭജിച്ച് നാലു പേരെവച്ച് വൃത്തിയാക്കുകയാണ് വേണ്ടത്. ഇതിന് എച്ച്എംസിയിൽനിന്ന് ഇവർക്ക് ആളെ എടുക്കാം. അത് എടുക്കാത്തത് ആരുടെ തെറ്റാണ്?‘
‘ബാത്ത്റൂമിൽ ടൈൽ ഇളകിയെന്നാണ് അയാൾ പിന്നെ പറയുന്നത്. ഇവിടെ ബാത്ത്റൂമിൽ ടൈലൊന്നും ഇളകിയിട്ടില്ല. ക്ലോസറ്റിന്റെ മുകൾഭാഗം പൊട്ടിയിട്ടുണ്ട്. അതു ഡോക്ടർ കാണാത്തതു കൊണ്ടും അത് മാറ്റാത്തതിലുമുള്ള രോഷമാണ് പ്രകടിപ്പിച്ചത്. അല്ലാതെ ഇവിടെ ടൈൽസ് ഒന്നും പൊട്ടിയിട്ടില്ല. സിനിമാ നടനായ എന്റെ വീട്ടിൽ ഇട്ടിരിക്കുന്നതിലും നല്ല ടൈൽസാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇവിടുത്തെ സിഎംഒയെ ഞാൻ സഹോദരിയെ പോലെയാണ് കാണുന്നത്. അത് അവർക്കും അറിയാം. അതുകൊണ്ടാണ് പറഞ്ഞത്. ഞാൻ പറഞ്ഞതിൽ അവർക്ക് പരാതിയും ഇല്ല’– ഗണേഷ് പറഞ്ഞു.
ഒരാഴ്ച മുൻപ് ഇതേ ആശുപത്രി എംഎൽഎ സന്ദർശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടർമാരെ വിമർശിക്കുകയും ചെയ്തിരുന്നു. നിർമാണം നടക്കുന്ന ആശുപത്രിയുടെ ഉൾവശം വൃത്തിഹീനമായി അലങ്കോലപ്പെട്ട് കാണാനിടയായതിനെത്തുടർന്നായിരുന്നു ഗണേഷ് കുമാർ ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും പരസ്യമായി ശകാരിച്ചത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates