

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് സമ്മേളനം. ഒക്ടോബർ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിൽ എത്തുമോ എന്നതാണ് ആകാംക്ഷ.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്നതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അതിനാൽ രാഹുൽ എത്തിയാൽ തന്നെ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ സാധിക്കില്ല. പങ്കെടുത്താൽ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.
സംസ്ഥാനത്തെ പൊലീസ് മൂന്നാമുറ, തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം പുറത്തായത്, വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും കത്തി നിൽക്കുന്നുണ്ട്. ഈ സമ്മേളന കാലത്ത് സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
