palakkad district Kerala Assembly Election 2026
Kerala Assembly Election 2026

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കേരളത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തുള്ള രണ്ട് മണ്ഡലങ്ങള്‍ പാലക്കാട് ജില്ലയിലാണ്.
Published on

സംസ്ഥാനത്ത് ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള ജില്ലകളില്‍ ഒന്നാണ് പാലക്കാട്. രണ്ട് പട്ടിക ജാതി സംവരണ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 12 സീറ്റുകളാണ് ജില്ലയിലുള്ളത്. നിലവില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് 2021 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് ലഭിച്ചത്. ബിജെപിയുടെ നിയമസഭാ പ്രതീക്ഷകളിലും പാലക്കാടിനെ ചുറ്റിപ്പറ്റിയുണ്ട്. കേരളത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തുള്ള രണ്ട് മണ്ഡലങ്ങള്‍ പാലക്കാട് ജില്ലയിലാണ്.

palakkad district Kerala Assembly Election 2026
അഞ്ചിലും ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും കണ്ണുവയ്ക്കുന്ന കാസര്‍കോട്

തൃത്താല-

പാലക്കാട് ജില്ലയില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏക മണ്ഡലമാണ് തൃത്താല. 2006 വരെ സംവരണ ണ്ഡലമായിരുന്നു തൃത്താല. പുനര്‍നിര്‍ണയത്തില്‍ ജനറല്‍ സീറ്റായ തൃത്താല 2011 ലെ തെരഞ്ഞെടുപ്പില്‍ വിടി ബല്‍റാമിലൂടെ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. 2016 ലെ തെരഞ്ഞെടുപ്പില്‍ ബല്‍റാം വിജയം ആവര്‍ത്തിച്ചു. 2021 ല്‍ എം ബി രാജേഷിനെ കളത്തിലിറക്കി സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 3016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു എം ബി രാജേഷിന്റെ വിജയം.

പട്ടാമ്പി

പാലക്കാട് ജില്ലയിലെ സിപിഐയുടെ സീറ്റുകളില്‍ ഒന്ന്. യുഡിഎഫിന് ഒപ്പവും എല്‍ഡിഎഫിന് ഒപ്പവും നിന്ന പാരമ്പര്യമുള്ള മണ്ഡലം. 2001 ലെ തെരഞ്ഞെടുപ്പില്‍ സിപിഐയെ കൈവിട്ട മണ്ഡലം 2011 വരെ യുഡിഎഫിന് ഒപ്പം നിന്നു. സിപി മുഹമ്മദ് ആയിരുന്നു കോണ്‍ഗ്രസിന് വേണ്ടി വിജയം നേടിയത്. 2016 ല്‍ യുവ നേതാവ് മുഹമ്മദ് മുഹ്‌സിനെ ഇറക്കി സിപിഐ സീറ്റ് പിടിച്ചെടുത്തു. 2021 ല്‍ മുഹ്‌സിന്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിയാസ് മുക്കോളിയെ 17974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് മുഹ്‌സിന്‍ പരാജയപ്പെടുത്തിയത്.

ഷൊര്‍ണൂര്‍-

പാലക്കാട് ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്ന്. 2011 മുതല്‍ ഇടത് പക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നു. 2011 ല്‍ കെ എസ് സലീഖ, 2016 ല്‍ പി കെ ശശി, 2021 ല്‍ പി മമ്മിക്കുട്ടി എന്നിവര്‍ ഷൊര്‍ണൂരില്‍ നിന്നും വിജയം നേടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി എച്ച് ഫിറോസ് ബാബുവിനെതിരെ 36676 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി മമ്മിക്കുട്ടി വിജയിച്ചത്.

ഒറ്റപ്പാലം-

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് ഒറ്റപ്പാലം. 2011 ല്‍ എം ഹംസ തുടര്‍ച്ചയായ രണ്ടാം തവണയും മണ്ഡലത്തില്‍ നിന്ന് വിജയം നേടി. 2016 ല്‍ പി ഉണ്ണിയും വിജയിച്ചു. 2021 ല്‍ കെ പ്രേംകുമാറിലൂടെയും സിപിഎം വിജയം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിനെതിരെ 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കെ പ്രേംകുമാറിന്റെ വിജയം.

കോങ്ങാട്-

മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് കോങ്ങാട് മണ്ഡലം രൂപീകരിച്ച ശേഷം നടന്നത്. പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട് മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടത് പക്ഷം വിജയിച്ചു. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കെ വി വിജയദാസ് കോങ്ങാട് വിജയിച്ചു. 2021 ല്‍ കെ ശാന്തകുമാരിയും മണ്ഡലത്തില്‍ വിജയം നേടി. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി യുസി രാമനെ 27,219 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കെ ശാന്തകുമാരിയുടെ വിജയം.

മണ്ണാര്‍ക്കാട്-

പാലക്കാട് ജില്ലയില്‍ മുസ്ലീംലീഗ് മത്സരിക്കുന്ന സീറ്റാണ് മണ്ണാര്‍ക്കാട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എന്‍ ഷംസുദ്ധീന്‍ മണ്ഡലത്തില്‍ മികച്ച വിജയം നേടി. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന പാലക്കാട്ടെ രണ്ടാമത്തെ മണ്ഡലമാണ് മണ്ണാര്‍ക്കാട്. മതിര്‍ന്ന സിപിഐ നേതാവ് കെ പി സുരേഷ് രാജ് ആണ് 2021 ല്‍ മണ്ഡലത്തിവല്‍ ജന വിധി തേടിയത്. 5,870 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എന്‍ ഷംസുദ്ധീന്റെ വിജയം.

palakkad district Kerala Assembly Election 2026
കാളയും പശുവും കോണ്‍ഗ്രസിന്, കേരള കോണ്‍ഗ്രസിന് കുതിര; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ?

മലമ്പുഴ-

1967 മുതല്‍ ഉറച്ച സിപിഎം കോട്ടയാണ് മലമ്പുഴ, ഇകെ നായനാര്‍, ടി ശിവസാദ മേനോന്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ മത്സരിച്ച മണ്ഡലം. 2001 മുതല്‍ 2016 വരെ വിഎസ് അച്യുതാന്ദന്‍ ആയിരുന്നു മലമ്പുഴയുടെ ജന പ്രതിനിധി. 2021 ല്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് എ പ്രഭാകരന്‍ ആണ് മണ്ഡലത്തില്‍ മത്സരിച്ചത്.

സംസ്ഥാനത്ത് ബിജെപി ശക്തി കേന്ദ്രമായ മണ്ഡലം കൂടിയാണ് പാലക്കാട്. 2021 ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാറിനെ 25,734 വോട്ടുകള്‍ക്ക് പരാജപ്പെടുത്തിയാണ് എ പ്രഭാകരന്‍ ഇടത് വിജയത്തിന് തുടര്‍ച്ച നല്‍കിയത്.

പാലക്കാട്-

എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം നിന്ന ചരിത്രമുള്ള മണ്ഡലം. എന്നാല്‍ ഇടതുപക്ഷം മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും പാലക്കാടിന്റെ ചരിത്രം. 2011 മുതല്‍ കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലത്തില്‍ 2016 മുതല്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.

2021 ല്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ഥിയായെത്തിയ ഇ ശ്രീധരനും തമ്മില്‍ കടുത്ത മത്സരം നടന്ന മണ്ഡലമാണ് പാലക്കാട്. 3,859 വോട്ടുകള്‍ക്കായിരുന്നു ഷാഫി പറമ്പില്‍ വിജയം നിലനിര്‍ത്തിയത്. പിന്നാലെയെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചതോടെ 2024 ല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ തെരഞ്ഞെടുപ്പില്‍ 18,840 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സി കൃഷ്ണകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.

തരൂര്‍-

പാലക്കാട് ജില്ലയിലെ രണ്ടാമത്തെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ സിപിഎമ്മിന് ഒപ്പമാണ് തരൂര്‍. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ എ കെ ബാലന്‍ തരൂരില്‍ നിന്നും വിജയിച്ചു. 2021 ല്‍ യുവനേതാവ് പിപി സുമോദും തരൂരില്‍ നിന്ന് വിജയിച്ചുകയറി. കോണ്‍ഗ്രസ് നേതാവ് കെ എ ഷീബയെ 24,531 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു പിപി സുമോദിന്റെ വിജയം.

ചിറ്റൂര്‍-

യുഡിഎഫില്‍ കോണ്‍ഗ്രസും എല്‍ഡിഎഫില്‍ ഘടക കക്ഷിയായ ജനതാ പാര്‍ട്ടിയും മത്സരിക്കുന്ന മണ്ഡലമാണ് ചിറ്റുര്‍. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ 2011 ല്‍ കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍ ആണ് മണ്ഡലത്തില്‍ വിജയിച്ചത്. 1996 മുതല്‍ 2011 വരെ അച്യുതന്‍ ആയിരുന്നു ചിറ്റൂര്‍ എംഎല്‍എ.

2016 ല്‍ കെ അച്യുതനെ പരാജയപ്പെടുത്തി കെ കൃഷ്ണന്‍ കുട്ടി മണ്ഡലം പിടിച്ചെടുത്തു. 2021 ല്‍ കൃഷ്ണന്‍ കുട്ടി വിജയം ആവര്‍ത്തിച്ചു. സുമേഷ് അച്യുതനെ 33878 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ കൃഷ്ണന്‍ കുട്ടി വിജയം ആവര്‍ത്തിച്ചത്.

palakkad district Kerala Assembly Election 2026
തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

നെന്മാറ

2011 ല്‍ കേരളത്തിന്റെ നിയസഭാ ചരിത്രത്തില്‍ ഇടംപിടിച്ച മണ്ഡലമാണ് നെന്മാറ. അന്ന് മുതല്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നു. 2011 തെരഞ്ഞെടുപ്പുകളില്‍ സിപിംഎ സ്ഥാനാര്‍ഥിയായി വി ചെന്താമരാക്ഷന്‍ ആണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ കെ ബാബുവും വിജയം ആവര്‍ത്തിച്ചു. യുഡിഎഫില്‍ സിഎംപിയുടെ സിഎന്‍ വിജയകൃഷ്ണനെ 28,704 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ ബാബു രണ്ടാമൂഴം നേടിയത്.

ആലത്തൂര്‍

1957 മുതല്‍ 2021 വരെ ഒരിക്കല്‍ ഒഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതു പക്ഷത്തോടൊപ്പം നിന്ന മണ്ഡലം. 2011 ല്‍ എം ചന്ദ്രന്‍ രണ്ടാമൂഴം നേടി. 2016 ല്‍ കെ ഡി പ്രസേനന്‍ ആലത്തൂരില്‍ വിജയിച്ചു. 2021 ലും കെ ഡി പ്രസേനന്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാളയം പ്രദീപിനെ 34,118 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയുടെ വിജയം.

എല്‍ഡിഎഫ് കോട്ടകള്‍ ഇളകിയ തദ്ദേശം

പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ കാലം മുതല്‍ എല്‍ഡിഎഫ് മാത്രം ഭരിച്ച പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 12 സീറ്റുകള്‍ ഇത്തവണ യുഡിഎഫ് സ്വന്തമാക്കി. പാലക്കാട് ജില്ലാപഞ്ചായത്തില്‍ 19 സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് 12 സീറ്റ് നേടി.

13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടത്ത് യുഡിഎഫും നേടി. 88 ഗ്രാമ പഞ്ചായത്തുകളില്‍ 46 എണ്ണം എല്‍ഡിഎഫ് പിടിച്ചപ്പോള്‍ 31 ഇടത്ത് യുഡിഎഫാണ്. രണ്ട് പഞ്ചായത്തുകളില്‍ ബിജെപി വിജയിച്ചു. 2020ല്‍ എല്‍ഡിഎഫ് 63 പഞ്ചായത്തുകളിലും യുഡിഎഫ് 23 പഞ്ചായത്തുകളിലും വിജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫാണ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നതെങ്കിലും സീറ്റുനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളില്‍ ബിജെപിയും ഭരണം പിടിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നിട്ടില്ല എന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ മാറ്റത്തിന്റെ സൂചനയാണ് ഫലമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

Summary

Kerala Assembly Election 2026 palakkad district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com