

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റിൽ ജനപ്രിയവും തന്ത്രപരവുമായ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുന്നണി മുന്നോട്ടുവെച്ച ജനക്ഷേമ വാഗ്ദാനങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ആരോഗ്യ സുരക്ഷ, സാംസ്‌കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് പുതിയ ബജറ്റ് മുൻഗണന നൽകുന്നു.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്:
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ പേരിൽ യാഥാർത്ഥ്യമാകും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ പ്രാരംഭ ചിലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ പ്രാഥമികമായി വകയിരുത്തി.
ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ അത്യാധുനിക സൌകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിർമ്മിക്കും. ചലച്ചിത്ര മേഖലയിലെ വികസനത്തിനും പുതിയ സാങ്കേതിക സൗകര്യങ്ങൾക്കും വഴിതുറക്കുന്ന ഈ വൻ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി: മലയാളികളുടെ പ്രിയപ്പെട്ട അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ സാംസ്‌കാരിക നഗരമായ തൃശ്ശൂരിൽ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും. പുതിയ തലമുറയ്ക്ക് മികച്ച സംഗീത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എം.ടി വാസുദേവൻ നായർ കൾച്ചറൽ പാർക്ക്: മലയാള സാഹിത്യത്തിലെ അതികായൻ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ മുൻനിർത്തി കോഴിക്കോട് നഗരത്തിൽ പുതിയ സ്മാരക കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates