

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ധന സഹായം നല്‍കുക. ജില്ലാ കലക്ടര്‍ക്ക് ഇതിനുള്ള അനുമതി നല്‍കി.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയില്‍പ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കും. 'പുനര്‍ഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ 50 ഫ്‌ളാറ്റുകളാണ് നല്‍കുക. പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്‌ലാറ്റുകളാണ് നല്‍കുന്നത്.
കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം 01.07.2019 പ്രാബല്യത്തിൽ നടപ്പിലാക്കും. പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കും. ശമ്പള പരിഷ്കരണത്തിലെ ഇപിഎഫ് എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസൽ കിഫ്ബി ഫണ്ടിങ്ങിന് പരിഗണിക്കുന്നതിനു അനുമതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates