ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി; 'ജോസഫ് ഗ്രൂപ്പ് പരുന്തിന് പുറത്തിരിക്കുന്ന കുരുവി'

മധ്യതിരുവിതാംകൂറിലും പാര്‍ട്ടിക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിലും പാര്‍ട്ടിയുടെ സ്വാധീനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്
Jose K Mani
Jose K Mani
Updated on
1 min read

കോട്ടയം: ഇടതുമുന്നണിയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  ജോസ് കെ മാണി. പാര്‍ട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ്, പാര്‍ട്ടി നിലപാട് ജോസ് കെ മാണി പ്രഖ്യാപിച്ചത്.

Jose K Mani
'ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?'; ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

ഈ തെരഞ്ഞെടുപ്പില്‍ പാലായും രണ്ടില കരിഞ്ഞുപോയി എന്നൊക്കെയുമായിരുന്നല്ലോ സംസാരം. എന്നാല്‍ തെരഞ്ഞെടുപ്പ് കണക്കുകള്‍ എടുത്ത് പരിശോധിച്ച് നോക്കുക. കഴിഞ്ഞ പ്രാവശ്യം 10 സീറ്റുകളിലാണ് രണ്ടില ചിഹ്നത്തില്‍ വിജയിച്ചത്. ഈ പ്രാവശ്യവും 10 സീറ്റുകളില്‍ രണ്ടില ചിഹ്നത്തില്‍ വിജയിച്ചു. സിംഗിള്‍ മെജോറിറ്റി ഉള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് ( എം) തന്നെയാണ്. ജോസ് കെ മാണി പറഞ്ഞു.

പാല നിയമസഭ മണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനുണ്ട്. എന്നാല്‍ വീമ്പടിക്കുന്ന തൊടുപുഴയിലെ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളുണ്ട്. ഇതില്‍ ജോസഫ് ഗ്രൂപ്പ് വിജയിച്ചത് രണ്ടിടത്തു മാത്രമാണ്. തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകരിച്ചശേഷം ഇതുവരെ ഒരു പ്രാവശ്യം പോലും ജോസഫ് ഗ്രൂപ്പ് ചെയര്‍മാനായി വന്നിട്ടില്ല. അതേസമയം പാലായില്‍ മൂന്നു തവണ കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാനായി ഇരുന്നിട്ടുണ്ട്.

കടുത്തുരുത്തിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലുമെല്ലാം യുഡിഎഫിന് ഭൂരിപക്ഷം പതിനൊന്നായിരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വ്യത്യാസം വെറും രണ്ടായിരം മാത്രമാണ്. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പാലാ നിയമസഭ മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ വരുന്ന നാലു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ കഴിഞ്ഞ പ്രാവശ്യം മൂന്നെണ്ണം വിജയിച്ചു. ഇപ്രാവശ്യവും മൂന്നെണ്ണം വിജയിച്ചിട്ടുണ്ട്. മലയോരപ്രദേശത്ത് ഒരെണ്ണം മുമ്പും, ഇപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെപ്പോലെയാണെന്ന് ജോസ് കെ മാണി പരിഹസിച്ചു. ആ അവസ്ഥയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസ് എന്തെങ്കിലും നല്‍കിയാല്‍ അവര്‍ മേടിച്ചെടുക്കും. അത്രമാത്രം. സംഘടനാപരമായി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട കുറേ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്തും എല്‍ഡിഎഫാണെന്ന് ഓര്‍ക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

Jose K Mani
യുഡിഎഫ് യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

മധ്യതിരുവിതാംകൂറിലും പാര്‍ട്ടിക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിലും പാര്‍ട്ടിയുടെ സ്വാധീനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും ഉണ്ടാകും. അതെല്ലാം പരിശോധിക്കും. തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി വിനയത്തോടെ സ്വീകരിക്കുകയാണ്. എന്തൊക്കെയാണ് വീഴ്ച സംഭവിച്ചതെന്ന് ഇടതുമുന്നണി ചര്‍ച്ച ചെയ്യും. എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കാതെ എവിടെ പോകാനാണെന്നും ജോസ് കെ മാണി ചോദിച്ചു.

Summary

Kerala Congress M Chairman Jose K Mani says his party stands firmly with the LDF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com