'ശബരിമലയില്‍' ആര് വീഴും,ആര് വാഴും? ശ്രദ്ധാകേന്ദ്രമായി കഴക്കൂട്ടം

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വരവോടുകൂടി നിയമസഭ തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ മണ്ഡലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് കഴക്കൂട്ടം
ശോഭ സുരേന്ദ്രന്‍,കടകംപള്ളി സുരേന്ദ്രന്‍
ശോഭ സുരേന്ദ്രന്‍,കടകംപള്ളി സുരേന്ദ്രന്‍
Updated on
2 min read


ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വരവോടുകൂടി നിയമസഭ തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ മണ്ഡലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കഴക്കൂട്ടം. ടെക്‌നോ പാര്‍ക്ക് ഉള്‍പ്പെടയുള്ള തിരുവനന്തപുരം നഗരത്തിലെ വന്‍കിട വ്യവസായ പദ്ധതികളുടെ ഹബ്ബായി നിലനില്‍ക്കുന്ന കഴക്കൂട്ടത്തില്‍ വികസന അജണ്ട ചര്‍ച്ചയാകുമെങ്കിലും, നാമജപങ്ങളാകും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏറെ മുഴങ്ങിക്കേള്‍ക്കുക.ശബരിമല യുവതീപ്രവേശന വിധിയും അതിന് ശേഷമുള്ള സംഭവ വികാസങ്ങളും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാന്‍ പോകുന്ന മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. 

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടത്ത് വിജയം അനിവാര്യമാണ്. യുവതീ പ്രവേശന വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടതും ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയ്ക്ക് തന്നെ. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സമരം നടത്തിയ ശോഭയ്ക്ക് കടകംപള്ളിയെ തോല്‍പ്പിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. വിഷയത്തിന്റെ രണ്ടറ്റത്ത് നിന്ന് പോരടിച്ച ഇരുകൂട്ടരും ഇപ്പോള്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ആരു വീഴും, ആര് വാഴും? 

എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണച്ചു പോന്നിരുന്ന മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് സിറ്റിങ് എംഎല്‍എയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫിനായി മത്സര രംഗത്തിറങ്ങുന്നത് ഡോ. എസ് എസ് ലാല്‍ ആണ്. കേന്ദ്രമന്ത്രി വി മുരളീധരന്റെ തട്ടകമായ കഴക്കൂട്ടം ബിജെപിയുടെ സ്റ്റാര്‍ മണ്ഡലങ്ങളുടെ പട്ടികയിലാണ്. 

മയപ്പെട്ടും ദുഃഖിച്ചും കടകംപള്ളി 

ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും മത്സരിക്കുമ്പോള്‍ യുഡിഎഫും ബിജെപിയും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കുന്നത് ശബരിമല വിഷയമായിരിക്കും. ഇതു മുന്നില്‍ക്കണ്ടാണ് കടകംപള്ളി ശബരിമലയില്‍ സംഭവിച്ച വിഷയങ്ങളില്‍ ഖേദപ്രകടനം നടത്തിത്.

കടകംപള്ളി സുരേന്ദ്രന്‍/ഫെയ്‌സ്ബുക്ക്

2018ല്‍ ശബരിമലയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത,ഏറെ ദുഖിപ്പിച്ച കാര്യങ്ങളാണ് എന്നാണ് കടകംപള്ളി ഈയിടയ്ക്ക് പറഞ്ഞത്. മണ്ഡലത്തിലെ മാറിയ സ്വഭാവവും ബിജെപിയില്‍ നിന്നുള്ള ശക്തമായ പ്രതിയോഗിയുടെ വരവും മനസ്സിലാക്കിയാണ് കടകംപള്ളി ഒരുമുഴം മുന്നേയെറിഞ്ഞത്. 

ജീവന്‍ മരണം പോരാട്ടം, ശോഭയ്ക്ക് വജ്രായുധം ശബരിമല

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, ശബരിമല വിഷയം ഉയര്‍ത്തുകയാണ് ശോഭ സുരേന്ദ്രന്‍ ആദ്യം ചെയ്തത്. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ട് മടക്കേണ്ടി വരുമെന്നായിരുന്നു ശോഭയുടെ വാക്കുകള്‍. 

ശോഭ സുരേന്ദ്രന്‍/ഫെയ്‌സ്ബുക്ക്
 

പാര്‍ട്ടിക്കുള്ളില്‍ ഏറെ പോരാടി നേടിയെടുത്ത കഴക്കൂട്ടം മണ്ഡലം പിടിച്ചെടുക്കുക എന്നത് ശോഭയെ സംബന്ധിച്ച് ജീവിന്‍ മരണപോരാട്ടമാണ്.  സീറ്റ് നിഷേധിക്കാനായി ആവുംവിധമെല്ലാം ശ്രമിച്ച് പരാജയപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പകരം വീട്ടാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ശോഭ ആഗ്രഹിക്കുന്നില്ല. 

പ്രതാപം തിരിച്ചു പിടിക്കണം, ശബരിമല വിടാതെ കോണ്‍ഗ്രസും

ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പരിചയവുമായണ് ഡോ എസ് എസ് ലാല്‍ കഴക്കൂട്ടത്തേക്ക് എത്തുന്നതെങ്കിലും, പഴയ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന കോണ്‍ഗ്രസിന്, ശബരിമല മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെയും സിപിഎമ്മിന്റെ വാദ പ്രതിവാദങ്ങളുടെ ചുവടുപിടിച്ച് പ്രചാരണം നടത്തേണ്ടിവരും.

ഡോ. എസ് എസ് ലാല്‍/ഫെയ്‌സ്ബുക്ക്‌
 

ബിജെപി ഉയര്‍ത്തുന്ന ശബരില വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ തങ്ങള്‍ക്ക് അനുകൂലമായി പ്രതിഫലിക്കും എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. 

മുരളീധരന്‍ പാകിയ അടിത്തറ

വി മുരളധീരന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കഴക്കൂട്ടം.എതിര്‍ ചേരിയിലാണെങ്കിലും മുരളീധരന്‍ പാകിയ അടിത്തറയുടെ ബലത്തിലാണ് ശോഭ കഴക്കൂട്ടത്ത് അങ്കത്തിനിങ്ങുന്നത്. 2011ല്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിയെ രണ്ടാം സ്ഥാനം വരെ കൊണ്ടെത്തിച്ചു മുരളീധരന്‍. വെറും 7,508വോട്ട് മാത്രമുണ്ടായിരുന്നിടത്ത് നിന്ന് 42,732വോട്ടിലേക്കുള്ള വളര്‍ച്ച.

കടകംപള്ളി സുരേന്ദ്രന് ലഭിച്ചത് 50,079വോട്ട്. 2011ല്‍ ജയിച്ചു കയറിയ കോണ്‍ഗ്രസിന്റെ അതികായന്‍ എം എ വാഹിദ് 38,602വോട്ടിലൊതുങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശബരിമല വികാരമില്ലാതിരുന്ന തെരഞ്ഞെടുപ്പിലാണ് മുരളീധരന്‍ ഈ വളര്‍ച്ച നേടിയത് എന്നത് ശ്രദ്ധേയമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com