തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. എബിപിഎംജെഎവൈയുടെ വര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
എബിപിഎംജെഎവൈ പദ്ധതി മുഖാന്തിരം രാജ്യത്ത് 'ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം', പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് 'മികവുറ്റ പ്രവര്‍ത്തനങ്ങള്‍' എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇതില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.
എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗത്തിന്റെ മുമ്പില്‍ ആരും നിസഹായരായി പോകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 13 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 30 ലക്ഷത്തോളം ക്ലൈമുകളിലൂടെ ചികിത്സ നല്‍കി. ഈ ഇനത്തില്‍ കേന്ദ്ര വിഹിതമായി കഴിഞ്ഞ വര്‍ഷം 151 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബാക്കി വരുന്ന പണം സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹികുന്നത്. നിലവില്‍ കാസ്പിന് കീഴില്‍ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ പൂര്‍ണമായും സംസ്ഥാന ധനസഹായമുള്ളവരാണ്.
ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തിരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 613 ആശുപത്രികളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് സൗജന്യ ചികിത്സാ സേവനം ലഭ്യമാകുന്നുണ്ട്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത മൂന്നു ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാന പരിധിയുള്ള കുടുംബങ്ങള്‍ക്കായി കാരുണ്യാ ബെനവലന്റ് ഫണ്ട് പദ്ധതി മുഖാന്തിരവും ഈ ആശുപത്രികള്‍ വഴി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
'ആരോഗ്യ പരിരക്ഷാ പദ്ധതികളില്‍ ആരും പിന്നിലാകരുത്'എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി സംസ്ഥാനത്തെ കാഴ്ച പരിമിതരായിട്ടുള്ള പദ്ധതി ഗുണഭോക്താക്കള്‍ക്കായി ഈ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സേവനങ്ങള്‍ സജ്ജമാക്കിയത്. ഇതിനായി അവരുടെ ചികിത്സാ കാര്‍ഡ് ബ്രയില്‍ ലിപിയില്‍ സജ്ജമാക്കി. കാഴ്ച പരിമിതരായ അനേകം പേര്‍ക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്‌കാരം കൂടി ലഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി; വയോധികന് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates