'ഷെറിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിഗണന; മോചനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യം'

ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണം. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ഷെറിന് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അനില്‍ ചോദിച്ചു
Kerala government’s move to release Sherin in Bhaskara Karanavar murder case sparks controversy
Updated on
2 min read

ആലപ്പുഴ: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മരുമകള്‍ ഷെറിനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന് കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണം. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ഷെറിന് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അനില്‍ ചോദിച്ചു. ജയിലില്‍ അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശാനുസരണമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതേ ജയിലില്‍ കഴിയുന്ന മറ്റ് മൂന്ന് സ്ത്രീകളുടെ പരോളിനുള്ള അപേക്ഷയും ഉപദേശക സമിതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെ ഷെറിന് മാത്രമാണ് സര്‍ക്കാര്‍ ശിക്ഷായിളവ് അനുവദിച്ചത്. വിടുതലിനുള്ള ആദ്യ അപേക്ഷ തന്നെ അംഗീകരിക്കുന്ന അസാധാരണ പരിഗണനയും ഷെറിന് ലഭിച്ചെന്നും ഇവര്‍ പറയുന്നു

2009 നവംബര്‍ 9 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. കേസില്‍ മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്‍ കോട്ടയം സ്വദേശി ബാസിത് അലി, സുഹൃത്ത് കൊച്ചി കളമശ്ശേരി സ്വദേശി നിധിന്‍, കൊച്ചി ഏലൂര്‍ സ്വദേശി ഷാനു റാഷിദ് എന്നിവരെയും പ്രതികളാക്കി. 2010 ജൂണ്‍ 11 ന് കോടതി ഷെറിന് മൂന്ന് ജീവപര്യന്തവും രണ്ട് ജീവപര്യന്തവും വിധിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചു.

ഷെറിന്‍ ജീവപര്യന്തത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയായത് 2023 നവംബര്‍ 12ന്. പിന്നീട് വെറും 9 മാസത്തിനുളളില്‍ മോചന ഫയല്‍ ജയിലില്‍ തയാറായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാള്‍ 14 വര്‍ഷം പൂര്‍ത്തിയായാല്‍ ജയില്‍ സൂപ്രണ്ട് തന്നെ അക്കാര്യം ഉപദേശക സമിതിയെ അറിയിക്കും. എന്നാല്‍ ആദ്യ വര്‍ഷം തന്നെ അപേക്ഷ പരിഗണിക്കാറില്ല. ശിക്ഷ കാലയളവില്‍ വിവിധ വര്‍ഷങ്ങളിലായി 452 ദിവസം ഷെറിന്‍ പരോളില്‍ പുറത്തായിരുന്നു. അത് ഒഴിക്കിയാല്‍ 13 വര്‍ഷവും 9 മാസവും മാത്രമാണ് ഷെറിന്‍ ജയിലില്‍ കഴിഞ്ഞത്.

ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയംഗം എംവി സരള പറഞ്ഞു. ഉപദേശകസമിതി നല്ല രീതിയില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് അനുകൂലമായിരുന്നു. പുറത്തുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. പ്രത്യേകിച്ച് ഒരു മുന്‍ഗണനയും ഉപദേശകസമിതി നല്‍കിയിട്ടില്ല.

ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു.ജയിലിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും സരള പറഞ്ഞു. ജയില്‍ ഡിജിപി അധ്യക്ഷനായ 7 അംഗ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികളെല്ലാം സിപിഎം നേതാക്കളാണ്. മുന്‍ എംഎല്‍എമാരും സിപിഎം സംസ്ഥാന നേതാക്കളുമായ കെകെ ലതിക, കെഎസ് സലീഖ, മഹിള അസോസിയേഷന്‍ നേതാവ് എംവി സരള എന്നിവരടങ്ങിയ സമിതിയാണ് ഷെറിനെ മോചിപ്പിക്കാനുള്ള ആദ്യ ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറുന്നത്.

ഷെറിന്‍ നല്ല കുട്ടി എന്ന സര്‍ട്ടിഫിക്കറ്റാണ് പൊലീസും ജയില്‍ വകുപ്പും നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, ജോലി ചെയ്യാതിരിക്കല്‍ തുടങ്ങി വിവിധ കാരണങ്ങള്‍ക്ക് ശിക്ഷ എന്ന തരത്തില്‍ നാല് തവണ ജയില്‍ മാറ്റത്തിന് വിധേയയാളാണ് ഷെറിന്‍. ഇതു മറച്ചുവെച്ചാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചുരുക്കത്തില്‍ ജയില്‍ ജീവിതത്തില്‍ ലഭിച്ച വിഐപി പരിഗണന മോചന ഫയലിലും ഷെറിന്‍ ലഭിച്ചുവെന്നാണ് ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com