

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാൻ മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.
മഞ്ഞക്കുറ്റികൾ ചരിത്രമാകും; റവന്യൂ വകുപ്പിന് അടിയന്തര നിർദ്ദേശം
കെ-റെയിൽ പദ്ധതിയുടെ അതിരടയാളങ്ങൾ നിശ്ചയിക്കുന്നതിനായി ജനങ്ങളുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നേരിട്ട് കർശന നിർദ്ദേശം നൽകി.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന മറ്റൊരു നിർണ്ണായക തീരുമാനവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിലവിൽ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പിഎസ്‌സി (PSC) റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.
2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ നീട്ടാന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യും.
യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള 'വിഷന്‍ 2031' പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനം വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates