

തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ നിയമനശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സിയെന്ന് യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ കണക്കുകള്‍. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററില്‍, സംസ്ഥാന പിഎസ് സികള്‍ 2024 ജനുവരി മുതല്‍ ജൂണ്‍ വരെ നല്‍കിയ നിയമനശുപാര്‍ശകളുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പിഎസ്സികള്‍ എല്ലാം കൂടി നല്‍കിയ ശുപാര്‍ശകള്‍ - 30,987 എണ്ണം മാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന കേരളത്തില്‍, സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളുടെ 36 ശതമാനം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് 2016-21 കാലയളവില്‍ 1.61 ലക്ഷം നിയമനങ്ങളും 2021-25 കാലയളവില്‍ (2025 ജനുവരി വരെ) 1.11 ലക്ഷം നിയമനങ്ങളും നടത്തിയെന്നാണ് കണക്കുകള്‍. യുപിഎസ് സി പുറത്തു വിട്ട പട്ടിക പ്രകാരം കേരളത്തില്‍ ഗ്രൂപ്പ് എ കാറ്റഗറിയില്‍ പട്ടികജാതിയില്‍ നിന്നും 1442 പേര്‍, പട്ടിക വര്‍ഗം- 843, ഒബിസി- 5959, ജനറല്‍ വിഭാഗം 9807 പേര്‍ (ആകെ 18,051 പേര്‍) എന്നിങ്ങനെയാണ് നിയമനം നല്‍കിയിട്ടുള്ളത്. ഗ്രൂപ്പ് ബി, സി തസ്തികകളില്‍ നിയമനം നല്‍കിയിട്ടില്ല.
പട്ടിക പ്രകാരം അരുണാചല്‍ പ്രദേശില്‍ ഒരു നിയമനം പോലും നടത്തിയിട്ടില്ല. ആന്ധ്രപ്രദേശില്‍ ആകെ ആറു നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. ഗോവയില്‍ 35 ഉം, ഝാര്‍ഖണ്ഡില്‍ 47 ഉം, സിക്കിമില്‍ 86 ഉം നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 611 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യയില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 753 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates