

തിരുവനന്തപുരം: കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനയെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാന്‍സര്‍ ബാധിതര്‍ 54 ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍. ജനസംഖ്യാ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാന്‍സര്‍ രോഗബാധ കൂടുതല്‍ കേരളത്തിലാണെന്നാണ് വിലയിരുത്തല്‍.
2015 ല്‍ സംസ്ഥാനത്ത് 39,672 കാന്‍സര്‍ കേസുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2024-ല്‍ ഇത് 61,175 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ പ്രതിശീര്‍ഷ കാന്‍സര്‍ കേസുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷം പേരില്‍ 173 പേര്‍ രോഗ ബാധതരാണ് എന്ന് വിലയിരുത്തേണ്ടിവരും. ഒരു വര്‍ഷം മുന്‍പ് ഇത് 114 ആയിരുന്നു. ഐസിഎംആര്‍-നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിലെ വിവരങ്ങള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡിഎംകെ എംപി കനിമൊഴിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2018 ന് ശേഷം കേരളത്തിലെ കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. 2019-ല്‍ ആണ് വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ശരാശരി 1,000 കേസുകളുടെ സ്ഥിരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കേസുകളില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിശീര്‍ഷ കണക്കുകളില്‍ കേരളത്തിന് പിന്നിലാണ്. ഏകദേശം 3.5 കോടി ജനസംഖ്യയുള്ള കേരളത്തില്‍, 2024-ല്‍ ഒരു ലക്ഷം പേരില്‍ 173 കേസുകള്‍ എന്ന നിലയില്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍, തമിഴ്നാട് (137), കര്‍ണാടക (139), ആന്ധ്രാപ്രദേശ് (144) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളം കൈവരിച്ച മുന്നേറ്റവും കണക്കുകളിലെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൊതു, സ്വകാര്യ മേഖലകളിലെ രോഗനിര്‍ണയ സൗകര്യങ്ങളുടെയും കാന്‍സര്‍ ആശുപത്രികളുടെ വികസനത്തിലും കേരളം മുന്നിലാണെന്നത് നേരത്തെയുള്ള രോഗ നിര്‍ണയത്തില്‍ പ്രതിഫലിക്കുന്നു എന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റും പ്രൊഫസറുമായ ഡോ. അല്‍താഫ് എ പറയുന്നു. എന്നാല്‍, ശാരീരിക നിഷ്‌ക്രിയത്വം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ അപകടസാധ്യതയ്ക്ക് വര്‍ധിപ്പിക്കുന്ന വിഷയമാണ്. സംസ്ഥാനത്ത് പ്രായമായവരുടെ അനുപാതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 20 ശതമാനമുള്ള ഈ വിഭാഗം 2050 ആകുമ്പോഴേക്കും 30 ശതമാനമായി ഉയരും. ഈ സാഹചര്യവും ഭാവിയില്‍ വെല്ലുവിളിയാകുമെന്നും ഡോ. അല്‍താഫ് എ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates