

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന് രണ്ട് എന്‍ജിഒകളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. കേരള സോഷ്യല്‍ സര്‍വീസ് ഫോറം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എന്നീ എന്‍ജിഒകളാണ് കോടതിയെ സമീപിച്ചത്.
സംഘടനകള്‍ പ്രതിഷേധക്കാര്‍ക്ക് ധനസഹായം നല്‍കിയതായി തെളിയിക്കുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അത്തരം പ്രതിഷേധക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെങ്കില്‍പ്പോലും, ആ പിന്തുണയെ വിദേശ ഫണ്ട് തെറ്റായ രീതിയില്‍ ഉപയോഗിക്കലോ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമോ ആയി കാണാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഉറപ്പുനല്‍കുമ്പോള്‍, അത്തരം അവകാശത്തെ 'അഭികാമ്യമല്ലാത്ത ഉദ്ദേശ്യം' അല്ലെങ്കില്‍ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധം എന്നു മുദ്ര കുത്തുന്നത് ശരിയല്ല. എഫ്സിആര്‍എയുടെ സെക്ഷന്‍ 12(4)(F)(vi) ലെ 'അഭികാമ്യമല്ലാത്ത ഉദ്ദേശ്യം' എന്ന പദം സര്‍ക്കാരിനോ, രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഇഷ്ടമല്ലാത്തത് എന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധ സമരങ്ങൾക്ക് ഫണ്ട് നൽകിയെന്ന് ആരോപിച്ച് ഈ സംഘടനകളുടെ രജിസ്‌ട്രേഷൻ പുതുക്കൽ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിനെ തുടർന്നാണ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. ഏതൊരു വികസന പദ്ധതിയും പ്രദേശവാസികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. എൻജിഒകളുടെ അപേക്ഷകൾ വീണ്ടും പരിശോധിച്ച് മൂന്നു മാസത്തിനകം പുതിയ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Kerala High Court has set aside the Central government's refusal to renew FCRA registrations of two NGOs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates