തിരുവനന്തപുരം: നിയമസഭയിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ "റിവേഴ്‌സ് റെമിറ്റൻസ്" പ്രസ്താവന സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള വലിയ സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. കേരളം ഇപ്പോൾ ഒരു ഇരട്ട പ്രതിസന്ധി നേരിടുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്തുനിന്ന് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന 'റിവേഴ്സ് മൈഗ്രേഷനും' , പണം ഉള്ളിലേക്ക് വരുന്നതിന് പകരം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്ന 'റിവേഴ്സ് റെമിറ്റൻസും' കേരളത്തിലെ കുടുംബ ബജറ്റുകളെയും സംസ്ഥാന സമ്പദ്‌വ്യവസ്ഥയെയും ഒരേപോലെ തകർക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ അപകടകരമായ പ്രവണത സർക്കാർ തിരിച്ചറിഞ്ഞ് അടിയന്തരമായി ഇടപെടേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.
കേരളത്തിൽ ജോലി ചെയ്യുന്ന 40 മുതൽ 50 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തങ്ങൾക്ക് ലഭിക്കുന്ന കൂലി മുഴുവൻ നാട്ടിലേക്ക് അയക്കുകയാണെന്നും, ഇവിടെ മദ്യത്തിന്റെ പണം മാത്രമാണ് സർക്കാരിലേക്ക് തിരികെ കിട്ടുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ വംശീയമായ മുൻവിധിയോടെയുള്ളതും അപരവിദ്വേഷം നിറഞ്ഞതുമാണെന്ന വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോയി ചോരനീരാക്കി പണിയെടുത്തു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ വിസ്മരിച്ചുകൊണ്ട്, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരമൊരു അപകീർത്തികരമായ അടയാളപ്പെടുത്തൽ നടത്തുന്നത് അപകടകരമായ പ്രവണതയാണെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി കൊഴുക്കുന്ന വിമർശനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരളത്തെ താങ്ങിനിർത്തുന്ന ഇൻവേർഡ് റെമിറ്റൻസ്: പ്രവാസിപ്പണത്തിന്റെ യഥാർത്ഥ കരുത്ത്
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ ആഭ്യന്തര ഉൽപാദന വരുമാനത്തെയും വിപണിയെയും പതിറ്റാണ്ടുകളായി സജീവമായി നിലനിർത്തുന്നത്. ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള വിവിധ കുടിയേറ്റ സർവേകളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണക്കുകൾ പ്രകാരം പ്രവാസിപ്പണത്തിന്റെ ആകെ തുക ഒരു വർഷം ഏകദേശം 2 ലക്ഷം കോടി മുതൽ 2.5 ലക്ഷം കോടി രൂപ വരെയാണ്. കേരള മൈഗ്രേഷൻ സർവേ (KMS 2023) സംസ്ഥാനത്തെ ആകെ ഇൻവേർഡ് റെമിറ്റൻസ് 2,16,893 കോടി രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018-ലെ കണക്കുകളേക്കാൾ 154.9 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഇത് കാണിക്കുന്നത്. കൂടാതെ, ഈ തുക സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ 23.2 ശതമാനത്തോളം വരും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത ഏറ്റവും ഉയർന്ന നിരക്കാണിത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025-ലെ കണക്ക് പ്രകാരം ഇന്ത്യയിലേക്ക് ആകെ എത്തുന്ന പ്രവാസിപ്പണത്തിന്റെ അഞ്ചിലൊന്നും കേരളത്തിലേക്കാണ് എത്തുന്നത്. ഇവിടുത്തെ ബാങ്കുകളിലെ എൻആർഐ നിക്ഷേപങ്ങൾ ആദ്യമായി 3 ലക്ഷം കോടി രൂപ കടന്നതായും ഈ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ പ്രവാസി കുടുംബങ്ങളിൽ നാലിൽ മൂന്ന് ഭാഗവും പ്രതിമാസ കൈമാറ്റങ്ങൾ കൈപ്പറ്റുന്നവരാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ ഭവന നിർമ്മാണം, വായ്പാ തിരിച്ചടവുകൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സ്വകാര്യ ചെലവുകളുടെ ആകെത്തുകയെ താങ്ങിനിർത്തുന്നത് ഈ പ്രവാസിപ്പണമാണ്. ഈ ഇൻവേർഡ് റെമിറ്റൻസിന്റെ വെറും അഞ്ചിലൊന്ന് മാത്രമാണ് കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പണം.വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ സിംഹഭാഗവും യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണ് കഴിയുന്നത്. ബാക്കി തുക യു.എസ്.എ, യുകെ, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്നു.
മദ്യം മാത്രമല്ല; അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ചെലവഴിക്കുന്നത് വൻതുക
ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലെ വിപണിയിൽ ഒന്നും ചെലവഴിക്കുന്നില്ലെന്നും അവർ വാങ്ങുന്നത് മദ്യം മാത്രമാണെന്നുമുള്ള വി.ഡി. സതീശന്റെ വാദത്തെ ഔദ്യോഗിക പഠനങ്ങളും വിപണി യാഥാർത്ഥ്യങ്ങളും പൂർണ്ണമായി തള്ളിക്കളയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ , സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയുടെ വിവിധ പഠന റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക വിപണിയിൽ ഇവർ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കുടിയേറ്റ വിദഗ്ധനായ റെജിമോൻ കുട്ടപ്പൻ ചൂണ്ടിക്കാണിക്കുന്ന കണക്കുകൾ പ്രകാരം, ഒരു വർഷം ശരാശരി 25,000 കോടി രൂപയാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ ആഭ്യന്തര വിപണിയിൽ തങ്ങളുടെ ദൈനംദിന ജീവിതത്തിനായി നേരിട്ട് ചെലവഴിക്കുന്നത്.
കേരളത്തിൽ എത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ അരി പ്രധാന ഭക്ഷണമാക്കിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർ തങ്ങൾക്ക് ആവശ്യമുള്ള അരി, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം വാങ്ങുന്നത് കേരളത്തിലെ പ്രാദേശിക വ്യാപാരികളിൽ നിന്നാണ്. ഇത് കേരളത്തിലെ റീട്ടെയിൽ വിപണിക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. തങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ഇവർ താമസിക്കുന്ന ഇടങ്ങളുടെ വാടകയായും, കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കായും, മൊബൈൽ റീച്ചാർജ്ജ് പോലുള്ള സേവനങ്ങൾക്കായും കേരളത്തിൽ തന്നെ ചെലവഴിക്കുന്നുണ്ട്.
മുഖ്യമന്ത്രി മറന്ന ഭരണഘടനാ അടിത്തറയും മൗലികാവകാശങ്ങളും
കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് 'അപകടകരം', 'അടിത്തറ ഇളക്കുന്നത്' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അപകീർത്തികരമായ അടയാളപ്പെടുത്തൽ നടത്തുമ്പോൾ ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഒരു ജനപ്രതിനിധി തന്നെ ചോദ്യം ചെയ്യുന്ന അസാധാരണ സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.ഒരു ഇന്ത്യൻ പൗരന് രാജ്യത്ത് എവിടെയും ജോലി ചെയ്യാനും ജീവിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 19(1)(d), (e) പ്രകാരം ഇന്ത്യയുടെ ഭൂപ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും, ജനനസ്ഥലമോ ഭാഷയോ മതമോ പരിഗണിക്കാതെ രാജ്യത്തിന്റെ ഏതു ഭാഗത്തും താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. കൂടാതെ അനുച്ഛേദം 19(1)(g) ഏതു തൊഴിലും ജീവനോപാധിയും വ്യാപാരവും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. അനുച്ഛേദം 15(1), 16(2) എന്നിവ പ്രകാരം പൊതു തൊഴിലിലോ പൊതുസ്ഥലങ്ങളിലോ മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുള്ളതുമാണ്.
ഗൾഫിലെ അറബികളോ പാശ്ചാത്യ രാജ്യങ്ങളിലെ ഭരണാധികാരികളോ അവിടെയുള്ള മലയാളി കുടിയേറ്റക്കാരെക്കുറിച്ച് ഇത്തരമൊരു അപരവൽക്കരണം നടത്തിയാൽ അതിനെ വംശീയത എന്ന് വിളിച്ച് നമ്മൾ എതിർക്കും. അതേസമയം, കേരളം കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേവലം 'മദ്യം വാങ്ങുന്നവർ' എന്ന് വിളിച്ച് വംശീയമായ മുൻവിധിയോടെ മാറ്റിനിർത്തുന്നത് ജനാധിപത്യ കേരളത്തിന് ഒട്ടും യോജിച്ചതല്ലതെന്നാണ് മനുഷ്യാവകാശ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates