

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി. ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന.
ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍. 2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞു. വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്. ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.94 ശതമാനവുമാണ്.
ഭക്ഷണം, വ്യക്തിഗത പരിചരണം, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ എന്നിവയിലെ വര്‍ധന കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ ഡാറ്റയില്‍ പറയുന്നു. ആറ് വിഭാഗമായി തിരിച്ച് (സാധനങ്ങളുടെയും സേവനങ്ങളുടെയും ഗ്രൂപ്പുകള്‍) വിലകളെ അടിസ്ഥാനമാക്കിയാണ് എന്‍എസ്ഒ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ഭക്ഷണ, പാനീയങ്ങള്‍, പാന്‍, പുകയില, ലഹരിവസ്തുക്കള്‍, വസ്ത്രങ്ങളും പാദരക്ഷകളും, ഭവനനിര്‍മ്മാണം, ഇന്ധനവും വെളിച്ചവും, പലവക എന്നിവയാണ് അവ.
കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഭക്ഷണ, പാനീയങ്ങളുടെ വിലക്കയറ്റത്തില്‍ 8.9 ശതമാനം വര്‍ധന ഉണ്ടായി. 'പലവക' 8.7 ശതമാനം, നഗരപ്രദേശങ്ങളിലെ വാടക വിലയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന 'ഭവന സെക്ടര്‍' 1.8 ശതമാനം, വസ്ത്രങ്ങളും പാദരക്ഷകളും 1.5 ശതമാനം, പാന്‍, പുകയില, ലഹരിവസ്തുക്കള്‍ 1.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ ഉണ്ടായ വിലക്കയറ്റത്തിന്റെ തോത്.
കേരളത്തില്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ ഭക്ഷണ, പാനീയങ്ങളുടെ വിഭാഗത്തില്‍ വര്‍ധനയ്ക്ക് കാരണമാകുന്നു. ഫലപ്രദമായ പൊതുവിതരണ സംവിധാനം ധാന്യവില നിയന്ത്രണവിധേയമാക്കുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. എം പരമേശ്വരന്‍ പറയുന്നു.
'ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യക്തിഗത പരിചരണം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും 'പലവക' വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പൊതുവായി പണപ്പെരുപ്പ നിരക്ക് ഉയര്‍ത്താന്‍ കാരണമായ രണ്ടാമത്തെ ഉയര്‍ന്ന ഘടകം ഈ ഇനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates