

കൊച്ചി: തെരഞ്ഞെടുപ്പ് കാലമേതായാലും ജനങ്ങള്‍ക്ക് വാഗ്ദാനപ്പെരുമഴയാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അപ്രത്യക്ഷരായ എംപിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികള്‍, പുതിയ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടോ അല്ലെങ്കില്‍ പഴയവ ആവര്‍ത്തിച്ചുകൊണ്ടോ വീണ്ടും രംഗപ്രവേശം ചെയ്യും.
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളില്‍ പറയുന്ന കാര്യങ്ങളൊക്കെ കൃത്യമായി ഓര്‍ത്തു വെക്കാന്‍ കഴിയാത്ത പാവം വോട്ടര്‍മാര്‍ വീണ്ടും പറ്റിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ഇത്തവണ സാങ്കേതികവിദ്യ ജനങ്ങളുടെ സഹായത്തിനെത്തുന്നു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്‍കിയ വാഗ്ദാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി തിരുവല്ല സ്വദേശിയായ ഒരു യുവാവ് 'കേരളം പ്രോമിസ് ട്രാക്കര്‍' എന്ന പേരില്‍ ഒരു ട്രാക്കര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പാസായി ഡാറ്റാ സയന്‍സ് കോഴ്സിന് ചേരാന്‍ തയ്യാറെടുക്കുന്ന 19 കാരനായ ജെറമിയ പി പ്രിന്‍സ് ആണ് ഇതിന് പിന്നിലെ ബ്രെയിന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കാത്ത വാഗ്ദാനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുന്നില്ലെന്ന് കണ്ടതുകൊണ്ടാണ് ഇത്തരമൊരു ട്രാക്കര്‍ തയ്യാറാക്കിയതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'അവര്‍ യാതൊരു കുറ്റബോധവുമില്ലാതെ വാഗ്ദാനങ്ങള്‍ നല്‍കുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും, അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അതിന് യാതൊരുവിധ ഉത്തരവാദിത്തവും കാണിക്കാത്തതും ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് യുഡിഎഫ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ അവര്‍ തന്നെ സമ്മതിക്കുന്ന സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്തവയായി തോന്നി, ജെറമിയ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം ഏതാണ്ട് 1,300 ഓളം വാഗ്ദാനങ്ങള്‍ ആരും ശ്രദ്ധിക്കാതെ വിസ്മൃതിയിലാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഈ യുവാവ് കരുതുന്നു. 'ഈ വാഗ്ദാനങ്ങള്‍ ആരും പെട്ടെന്ന് മറന്നുപോകാതിരിക്കാനാണ് ഈ ട്രാക്കര്‍ ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയില്ലാത്ത യുവ വോട്ടര്‍മാര്‍ക്ക് ഇത് ഉപകാരപ്പെടും, ജെറമിയ പറഞ്ഞു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് മാനിഫെസ്റ്റോയെ അടിസ്ഥാനമാക്കിയാണ് 'കേരളം പ്രോമിസ് ട്രാക്കര്‍' നിര്‍മിച്ചിരിക്കുന്നത്. മാനിഫെസ്റ്റോയില്‍ 39 പ്രധാന വാഗ്ദാനങ്ങളും 4 പ്രധാന നയപരമായ പ്രതിബദ്ധതകളും ഉണ്ടായിരുന്നു. അവയെ ഏകദേശം 1,300 വ്യക്തിഗത ഉപവിഭാഗങ്ങളായി തിരിക്കാം. അവയൊന്നും വിട്ടുപോകാതെ ഞാന്‍ ശേഖരിക്കുകയും, ഓരോന്നിനെയും ഓരോ വിഭാഗങ്ങളായി തിരിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വെബ് പേജ് നിര്‍മിക്കുകയും ചെയ്തു.
ഈ ടൂള്‍ ഒരു 'ഓപ്പണ്‍ സോഴ്‌സ്' (എല്ലാവര്‍ക്കും പരിശോധിക്കാവുന്ന രീതിയില്‍) ആക്കാന്‍ തീരുമാനിച്ചതിന് മൂന്ന് കാരണങ്ങളാണുള്ളത്. ഇത്രയധികം വാഗ്ദാനങ്ങള്‍ ഉള്ളതിനാല്‍ ഒരാള്‍ക്ക് മാത്രമായി ഇത് കൃത്യമായി നിരീക്ഷിക്കുക പ്രായോഗികമല്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങളോ മുന്‍വിധികളോ ബാധിക്കാതിരിക്കാനും ആഗ്രഹിച്ചു. ഒപ്പം, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം ടൂളുകള്‍ പൊതുജനങ്ങള്‍ക്ക് തന്നെ പരിശോധിച്ചു ബോധ്യപ്പെടാന്‍ സാധിക്കുന്നതായിരിക്കണം. ഒരു വാഗ്ദാനത്തിന്റെ സ്റ്റാറ്റസ് മാറ്റണമെങ്കില്‍, വിശ്വസനീയമായ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളോ ഔദ്യോഗിക അറിയിപ്പുകളോ ആവശ്യമാണ്, അവ ഈ വാഗ്ദാനങ്ങളുടെ ഉപവിഭാഗങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. ഒരു കണ്ടന്റ് റൈറ്ററായും ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്യുന്ന ജെറമിയ, എല്‍ഡിഎഫിന്റെ പ്രോമിസ് ട്രാക്കറും ഉടന്‍ തന്നെ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു.
എന്നിരുന്നാലും, ഒരു കൃത്യമായ സിസ്റ്റം നിര്‍മിക്കുന്നതിന് വളരെയധികം അധ്വാനവും സമയവും ആവശ്യമാണ്, കാരണം വാഗ്ദാനങ്ങള്‍ പരിശോധിക്കുന്നതിനായി എനിക്ക് വിശ്വസനീയമായ മാധ്യമങ്ങളുടെ പഴയ വാര്‍ത്തകളും ആര്‍ടിഐ രേഖകളും പരിശോധിക്കേണ്ടതുണ്ട്. വേഗതയേക്കാള്‍ ഡാറ്റയുടെ കൃത്യതയ്ക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത് ഈ വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കും. അതുകൊണ്ട് തന്നെ ട്രാക്കര്‍ പൂര്‍ത്തിയാകാനും സമയമെടുക്കുമെന്നും ജെറമിയ പറഞ്ഞു.
തന്റെ ട്രാക്കര്‍ വെബ്സൈറ്റിനായി മാധ്യമ റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രി/മന്ത്രിമാര്‍/ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകള്‍ എന്നിവ ജെറമിയ ഉപയോഗിക്കും. 'ഈ ഔദ്യോഗിക അറിയിപ്പുകളില്‍ ഭൂരിഭാഗവും നമ്മള്‍ ആദ്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്, അതിനാല്‍ മുന്‍നിരയിലുള്ള വിശ്വസനീയമായ മാധ്യമ ഗ്രൂപ്പുകളെയാണ് ഞാന്‍ ആശ്രയിക്കുന്നതെന്നും ജെറമിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates